ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് അനുശോചനമറിയിച്ച് അമേരിക്ക
വാഷിംഗ്ടൺ: ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് അനുശോചനമറിയിച്ച് അമേരിക്ക. ഇന്ത്യ− ചൈന നിയന്ത്രണ രേഖയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും പ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും യുഎസ് വ്യക്തമാക്കി. 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന് അറിഞ്ഞു. അവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നു− യുഎസ് വക്താവ് അറിയിച്ചു.
പ്രശ്‌നം രമ്യമമായി പരിഹരിക്കാൻ ഇന്ത്യയും ചൈനയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രശ്‌നം സമാധാനപരമായി പരിഹരിക്കാൻ യുഎസ് സഹായിക്കുമെന്നും വക്താവ് വ്യക്തമാക്കി. ജൂൺ രണ്ടിന് നടത്തിയ ഫോൺ സംഭാഷണത്തിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് അതിർത്തിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവെന്നും അമേരിക്കൻ വക്താവ് പറഞ്ഞു.

