കുട്ടികളെ വേർപിരിക്കില്ല : വിവാദ ഉത്തരവിൽ നിന്ന് ട്രംപ് പിൻമാറി

വാഷിംഗ്ടൺ : അറസ്റ്റിലാവുന്ന അനധികൃത കുടിയേറ്റക്കാരുടെ കുടുംബങ്ങളിലെ കുട്ടികളെ വേർതിരിച്ചു പ്രത്യേക ക്യാന്പുകളിൽ പാർപ്പിക്കുന്ന വിവാദ ഉത്തരവ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് പിൻവലിച്ചു. നയത്തിനെതിരെ ലോക വ്യാപകമായി എതിർപ്പ് ഉയർന്നതിനെത്തുടർന്നാണു നയം മാറ്റാൻട്രംപ് തയാറായത്. ഇതു സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനൊപ്പം അമേരിക്കയിലെ അതിർത്തിയിലെ സുരക്ഷ ശക്തമാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് ഉത്തരവിൽ ഒപ്പുവച്ചുകൊണ്ട് ട്രംപ് പറഞ്ഞു.
കുടുംബങ്ങളെ വേർപിരിക്കുന്നത് താൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധി സഭയിൽ വ്യാഴാഴ്ച ഇമിഗ്രേഷൻ ബില്ലിൽ വോട്ടെടുപ്പു നടത്താനിരിക്കെയാണു ട്രംപ് ഉത്തരവിൽനിന്നു പിൻമാറിയത്. ഇതോടെ അറസ്റ്റിലാവുന്ന അനധികൃത കുടിയേറ്റക്കാർക്ക് ഫെഡറൽ കസ്റ്റഡിയിൽ കുടുംബത്തോടൊത്തു കഴിയാം. അനധികൃത കുടിയേറ്റം പൂർണമായി തടയുക എന്ന ലക്ഷ്യത്തോടെ അറ്റോർണി ജനറൽ ജെഫ് സെഷൻസ് കഴിഞ്ഞ മാസം കൊണ്ടുവന്ന നയമാണ് പ്രതിസന്ധിക്ക് കാരണമായത്. അനധികൃതമായി അതിർത്തികടന്ന് അമേരിക്കയിൽ പ്രവേശിക്കുന്ന മുതിർന്നവരെ കൈയോടെ അറസ്റ്റു ചെയ്ത് പ്രോസിക്യൂട്ടു ചെയ്യാനാണ് സെഷൻസ് ഉത്തരവിട്ടത്. കുടുംബമായി എത്തുന്നവരുടെ കുട്ടികളെ വേർതിരിച്ചു പ്രത്യേക സെല്ലിൽ അടയ്ക്കും. ഈ നയ പ്രകാരം നഴ്സറിക്കുട്ടികളടക്കം രണ്ടായിരത്തോളം കുട്ടികളെ മാതാപിതാക്കളിൽ നിന്നകറ്റി പ്രത്യേക കൂടാര ക്യാന്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്.
കുട്ടികൾ എവിടെയെന്ന് അറിയാതെ വേദനിക്കുന്ന മാതാപിതാക്കളുടെയും മാതാപിതാക്കളെ കാണാതെ കരയുന്ന പിഞ്ചുകുഞ്ഞുങ്ങളുടെയും ദൈന്യതയാർന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ ലോകമാസകലം ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ രോഷമുയർന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ, ട്രംപിന്റെ ഭാര്യ മെലാനിയ എന്നിവർ ഉൾപ്പെടെയുള്ളവർ നയത്തെ അപലപിച്ചു.