വിദ്യാർത്ഥി വിസ നയം പുനഃ പരിശോധിക്കില്ല ; ഇന്ത്യയുടെ പ്രതിഷേധം ബ്രിട്ടൺ തള്ളി

ലണ്ടൻ : വിദ്യാർത്ഥികൾക്കു വിസ നൽകുന്നതിനുള്ള ചട്ടങ്ങളിൽ ഇളവ് അനുവദിച്ചിട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്താത്ത തീരുമാനം പുനഃപരിശോധിക്കില്ലെന്നു ബ്രിട്ടൺ വ്യക്തമാക്കി. ബ്രിട്ടന്റെ പുതുക്കിയ കുടിയേറ്റ നയത്തിനെതിരെ ഇന്ത്യയിൽ നിന്നു പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ പ്രതികരണം. പുതിയ നയംകൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസയ്ക്കായി അപേക്ഷിക്കുന്നതിനുള്ള നടപടി ക്രമങ്ങളിൽ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും യഥാർത്ഥ അപേക്ഷകർക്ക് ബ്രിട്ടണിൽ പഠിക്കാൻ അവസരമുണ്ടെന്നും ന്യൂഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷൻ വക്താവ് അറിയിച്ചു.
കുടിയേറ്റ നയത്തിലെ അപ്പൻഡിക്സ് എച്ച് ഹോം ഓഫീസ് വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതു സാധാരണ സംഭവമാണെന്നു പറഞ്ഞ വക്താവ്, ഇന്ത്യ ഇപ്പോഴും പട്ടികയിൽ ഉൾപ്പെടുത്താനാവാത്ത വിധത്തിൽ തുടരുകയാണെന്നു ചൂണ്ടിക്കാട്ടി. മാർച്ചിൽ അവസാനിച്ച അധ്യയന വർഷത്തിൽ ഇന്ത്യക്കാർക്ക് അനുവദിച്ചിട്ടുള്ള ടയർ 4 വിസയിൽ 30 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി.
വിദ്യാർത്ഥി വിസയ്ക്കുള്ള ചട്ടങ്ങളിൽ ഇളവ് അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് ബ്രിട്ടൺ ഇന്ത്യയെ ഒഴിവാക്കിയിരുന്നു. ബ്രിട്ടനിലെ സർവകലാശാലകളിൽ പഠിക്കുന്നതിനുള്ള ടയർ 4 വിസ വിഭാഗത്തിൽ ചൈന ഉൾപ്പെടെ 26 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിച്ചെങ്കിലും ഇതിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. അമേരിക്ക, കാനഡ, ന്യൂസിലൻഡ്, ചൈന, ബഹ്റൈൻ, സെർബിയ തുടങ്ങിയ രാജ്യങ്ങളെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. തായ്ലന്റ്, മെക്സിക്കോ എന്നീ രാജ്യങ്ങളും പുതുതായി ഇളവ് അനുവദിക്കുന്ന രാജ്യങ്ങളിൽ ഉൾപ്പെടുത്തി. എന്നാൽ ഇന്ത്യയെപ്പോലെ കോമൺവെൽത്ത് രാജ്യങ്ങളിൽ ഉൾപ്പെട്ടവയല്ല ഇവ രണ്ടും. അടുത്തമാസം ആറുമുതലാണ് ചട്ടം പ്രാബല്യത്തിൽ വരുന്നത്. വിദ്യാഭ്യാസയോഗ്യത, സാന്പത്തികനിലവാരം, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവയിൽ കൂടുതൽ ഇളവ് നൽകുന്ന തരത്തിലാണ് പുതിയ ചട്ടം. ഇതുവഴി കൂടുതൽ വിദേശവിദ്യാർത്ഥികളെ ബ്രിട്ടണിലെ സർവകലാശാലയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.