ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന് ട്രംപ്

വാഷിംഗ്ടൺ : ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് അധിക നികുതി ചുമത്തുമെന്ന് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് അറിയിച്ചു. 20,000 കോടി ഡോളറിന്റെ ചൈനീസ് ഉൽപ്പന്നങ്ങളാണ് അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്നത്. ട്രംപിന്റെ ഈ പ്രഖ്യാപനത്തോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ വഷളാകുമെന്ന് വിദഗ്ധർ പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാരബന്ധത്തിലൂടെ ചൈന അന്യായമായി പണം സന്പാദിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ചൈന നിലപാട് തിരുത്തിയില്ലെങ്കിൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അധിക നികുതിഉടൻ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനു മുന്നോടിയായിഅമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ കൃത്യമായ കണക്കെടുക്കാൻ ട്രംപ് നിർദേശം നൽകി. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധം ഇരുരാജ്യങ്ങൾക്കും ഗുണമുള്ളതാകണമെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ ഭീഷണി പുറത്തുവന്നതിനു പിന്നാലെ ശക്തമായ പ്രതികരണവുമായി ചൈന രംഗത്തെത്തി. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമിത നികുതി ചുമത്തിയാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ചൈനീസ് വ്യാപാരമന്ത്രാലയം പ്രതികരിച്ചു.