ഷി ജിൻപിംഗുമായി കിം ജോംഗ് ഉൻ ചർച്ച നടത്തി

ബെയ്ജിംഗ് : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടി നടന്ന് ഒരാഴ്ച പിന്നിട്ട ഇന്നലെ ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ വീണ്ടും ദ്വിദിന സന്ദർശനത്തിനായി ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലെത്തി. കിം −ട്രംപ് ഉച്ചകോടിയിലെ ധാരണ നടപ്പാക്കുന്നതിന് എല്ലാ പിന്തുണയും നൽകുമെന്ന് ഗ്രേറ്റ് ഹാളിൽ നടത്തിയ കൂടിക്കാഴ്ചയിൽ കിമ്മിന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗ് ഉറപ്പു നൽകി. സോഷ്യലിസ്റ്റ് ഉത്തരകൊറിയയ്ക്കുള്ള ചൈനയുടെ പിന്തുണയിൽ ഒരിക്കലും മാറ്റമുണ്ടാവില്ലെന്നും ജിൻപിംഗ് പറഞ്ഞു.
മാർച്ച് മാസത്തിനുശേഷം മൂന്നാം തവണയാണ് കിം ബെയ്ജിംഗിലെത്തുന്നത്്. സിംഗപ്പൂർ ഉച്ചകോടിക്കു മുന്പു നടത്തിയ ആദ്യ രണ്ടു ബെയ്ജിംഗ് സന്ദർശനങ്ങളും അതീവരഹസ്യമായിരുന്നു. പ്രത്യേക ട്രെയിനിലെത്തിയ അദ്ദേഹം മടങ്ങിയ ശേഷമാണ് ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
എന്നാൽ, ഇന്നലെ കിം ബെയ്ജിംഗിൽ വിമാനമിറങ്ങിയതിനു പിന്നാലെ ഔദ്യോഗിക മാധ്യമമായ സിൻഹുവ അറിയിപ്പു നൽകിയിരുന്നു. കിമ്മിനെയും ഭാര്യ റിസോൾ ജുവിനെയും ജിൻപിംഗും ഭാര്യ പെംഗ് ലിയുവാനും ചേർന്നു സ്വീകരിച്ചു.
അമേരിക്കയും ചൈനയും വാണിജ്യ യുദ്ധത്തിലേക്കു നീങ്ങുകയാണെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് കിം ബെയ്ജിംഗിലെത്തിയിരിക്കുന്നത്. ചൈനയുമായുള്ള ബന്ധം ഏറെ പ്രധാനമാണെന്ന് വ്യക്തമാക്കാൻ ഉത്തരകൊറിയ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് കിമ്മിന്റെ മൂന്നാംവട്ടത്തെ ബെയ്ജിംഗ് സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നുണ്ട്.
ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങളിൽ ഇളവുവരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കിമ്മിന്റെ ചൈനാ സന്ദർശനമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, കിമ്മിന്റെ സന്ദർശനത്തെക്കുറിച്ച് ഉത്തരകൊറിയയോ ചൈനയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതിനിടെ അമേരിക്ക − ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ നിർത്തിവയ്ക്കുന്നതായി നേരത്തേ പ്രഖ്യാപിച്ച ട്രംപ്, ഉപരോധങ്ങൾ തുടരുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, അമേരിക്ക ദക്ഷിണകൊറിയ സംയുക്ത സൈനികാഭ്യാസങ്ങൾ നിർത്തിവച്ചതിനെ ചൈന സ്വാഗതം ചെയ്തു. അമേരിക്കയും ജപ്പാനും ചേർന്നുള്ള സൈനികാഭ്യാസങ്ങൾ മുൻനിശ്ചയപ്രകാരം നടത്തുമെന്ന് ജപ്പാൻ അറിയിച്ചിട്ടുണ്ട്.