നവാസ് ഷെരീഫിന്റെ ഭാര്യ അതീവ ഗുരുതരാവസ്ഥയിൽ

ലണ്ടൻ : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുൽസൂം നവാസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അഞ്ചംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ഇവരുടെ ആരോഗ്യനില സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ജീവൻ രക്ഷാ ഉപാധികളോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.
ജൂൺ 14നാണ് ഹൃദയാഘാതത്തെ തുടർന്ന് ഇവരെ ലണ്ടനിലെ ഹാർലി സ്ട്രീറ്റിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. അവരുടെ ആരോഗ്യനിലയിൽ ഇതുവരെ പുരോഗതി ഉണ്ടായില്ലെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു. ജീവൻ രക്ഷാ സംവിധാനത്തിൽ നിന്നും കുൽസുമിനെ മാറ്റണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.
കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ തൊണ്ടയിൽ അർബുദ ബാധയേത്തുടർന്ന് ചികിത്സയിലായിരുന്നു. ഏപ്രിലിൽ ആരോഗ്യ നില വഷളായതിനെത്തുടർന്ന് ചികിത്സക്കായി ലണ്ടനിലേക്ക് മാറ്റുകയായിരുന്നു.
ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് നവാസിന്റെയും മകളുടെയും പാകിസ്ഥാനിലേക്കുളള മടക്കയാത്ര മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇസ്ലാമാബാദ് കോടതിയിൽ ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നവാസ് ഷെരീഫും മകളും കോടതിയിയെ സമീപിച്ചിട്ടുണ്ട്.