ഇസ്രയേൽ ആക്രമണത്തെ യു.എൻ സെക്രട്ടറി ജനറൽ അപലപിച്ചു

ന്യൂയോർക്ക് : ഇസ്രയേൽ സൈന്യം ഗാസയിൽ നടത്തിയ ആക്രമണത്തെ അപലപിച്ച് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് രംഗത്ത്. ആക്രമണത്തിൽ നൂറിലേറെ പാലസ്തീൻകാർ കൊല്ലപ്പെട്ടതിലും നിരവധി പേർക്ക് പരിക്കേറ്റതിലും അദ്ദേഹം നടുക്കം രേഖപ്പെടുത്തി.
ഗാസ യുദ്ധമുഖത്താണെന്നും ഗുട്ടറസ് പറഞ്ഞു. കുട്ടികളും മാധ്യമ പ്രവർത്തകരുമടക്കം ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ രണ്ട് പാലസ്തീൻ മാധ്യമ പ്രവർത്തകർ ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചെന്നും അദ്ദേഹം പറഞ്ഞു.
റെഡ് ക്രോസിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ മാർച്ച് 30നു ശേഷം ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ 132 പാലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. 13,000 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 1400 പേർക്ക് രണ്ടിലേറെ തവണ വെടിയേറ്റ പരിക്കാണുള്ളത്.