ബ്രിട്ടൻ വിസാച്ചട്ടം കർശനമാക്കിയത് ഇന്ത്യ ധാരണാപത്രം ഒപ്പിടാത്തതിനാൽ

ലണ്ടൻ : അനധികൃത കുടിയേറ്റക്കാരെ തിരിച്ചു വിളിക്കുന്നതിനായുള്ള ധാരണാപത്രത്തിൽ ഇന്ത്യ ഒപ്പിടാത്തതു കൊണ്ടാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്കു വിസ ചട്ടങ്ങളിലുണ്ടായിരുന്ന ഇളവ് നീക്കിയതന്നു ബ്രിട്ടീഷ് അധികൃതർ വ്യക്തമാക്കി.
അനധികൃതമായി രാജ്യത്തു തങ്ങുന്നവരുടെ കാര്യത്തിൽ തീരുമാനമാകാതെ വിസച്ചട്ടങ്ങളിലെ ഇളവ് പരിഗണിക്കാനാകില്ലെന്നു ബ്രിട്ടന്റെ രാജ്യാന്തര വ്യാപാര സെക്രട്ടറി ലിയാം ഫോക്സ് പറഞ്ഞു.
വിദ്യാർത്ഥികൾക്കു വിസാച്ചട്ടങ്ങളിൽ ഇളവ് അനുവദിച്ചിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് അടുത്തിടെയാണ് ഇന്ത്യയെ ബ്രിട്ടൻ നീക്കിയത്.
ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഇത്തരം കുടിയേറ്റക്കാരുടെ വിവരങ്ങൾ പരിശോധിക്കാൻ വേണ്ടത്ര സമയം ലഭിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഇന്ത്യ അവസാന നിമിഷം ധാരണാപത്രത്തിൽ ഒപ്പിടുന്നതിൽ നിന്നു പിന്മാറുകയായിരുന്നു.