റഷ്യയിൽ പുടിനെതിരെ പ്രക്ഷോഭം : 1000ലധികം പേർ അറസ്റ്റിൽ

മോസ്കോ : പ്രസിഡണ്ട് വ്ളാദിമിർ പുടിനെതിരെ റഷ്യയിൽ പ്രതിഷേധം. പുടിൻ നാലാം വട്ടം പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു പ്രതിഷേധം. റഷ്യയിലുടനീളം നടത്തിയ പ്രതിഷേധ പ്രകടനത്തെ പോലീസ് ബലം പ്രയോഗിച്ചു നേരിട്ടു. പ്രതിപക്ഷനേതാവ് അലക്സി നവൽനി അടക്കം ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തു. സാർ ചക്രവർത്തിമാരുടേതുപോലുള്ള പുടിന്‍റെ ഏകാധിപത്യഭരണത്തിനെതിരെ ജനം തെരുവിലിറങ്ങാൻ നവൽനിയാണ് ആഹ്വാനം ചെയ്തത്. മോസ്കോയ്ക്ക് പുറമെ കിഴക്കൻ, സൈബീരിയൻ മേഖലകളിലെ നഗരങ്ങളിലും ജനം തെരുവിലിറങ്ങി.
മോസ്കോയിലെ പുഷ്കിൻ ചത്വരത്തിൽ എത്തിയ ആയിരങ്ങൾ, ‘പുടിനില്ലാത്ത റഷ്യ’ എന്ന മുദ്രാവാക്യം മുഴക്കി. പുടിനെതിരെ പ്രതിഷേധിക്കാൻ ജനം തെരുവിലിറങ്ങിയതിൽ സന്തോഷമുണ്ടെന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത നവൽനി പറഞ്ഞു. മിനുട്ടിനകം അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പുഷ്കിൻ ചത്വരത്തിൽ നിന്ന് 50 പേരെ പോലീസ് പിടികൂടി. ചെൽയാബിൻസ്കിൽ 97 പേരെയും യാക്കുട്സ്കിൽ 75 പേരെയും പിടികൂടിയെന്നാണ് റിപ്പോർട്ട്.
അനുമതിയില്ലാത്ത പ്രതിഷേധം നിയമവിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു. മാർച്ചിലെ തിരഞ്ഞെടുപ്പിൽ 77 ശതമാനം വോട്ടുമായി പുടിൻ വൻവിജയം നേടിയിരുന്നു. മുന്പ് ജയിലിൽ കിടന്ന കാരണം പറഞ്ഞ് അലക്സി നവൽനിക്ക് മത്സരാനുമതി നിഷേധിച്ചു.
30 വർഷം അധികാരത്തിലിരുന്ന ജോസഫ് സ്റ്റാലിന് ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്നയാൾ പുടിനാണ്. 2000 മുതൽ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായി പുടിൻ അധികാരത്തിൽ തുടരുകയാണ്.