ചൈ­നാ­ കടലി­ലെ­ സൈ­നി­കവത്കരണം : മു­ന്നറി­യി­പ്പു­മാ­യി­ അമേ­രി­ക്ക


വാഷിംഗ്ടൺ : തർക്കപ്രദേശമായ തെക്കൻ ചൈനാ കടലിൽ ചൈനയിലെ സൈനികവത്കരണം തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്കി. തെക്കൻ ചൈനാ കടലിൽ ചൈന കപ്പൽ വേധ ക്രൂസ് മിസൈലുകളും കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈലുകളും ചൈന വിന്യസിച്ചതിന് പിന്നാലെയാണ് അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്.

തെക്കൻ ചൈനാ കടലിലെ ചൈനയുടെ സൈനികവത്കരണത്തിൽ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. ഇതുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശമെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് പറഞ്ഞു.

ഊർജ സന്പന്നമായ തെക്കൻ ചൈനാ കടൽ വഴി പ്രതിവർഷം അഞ്ച് ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടക്കുന്നത്. വൻ എണ്ണ നിക്ഷേപമുള്ള ദക്ഷിണ ചൈനാ കടൽമേഖല മുഴുവൻ തങ്ങളുടെ പരമാധികാര പ്രദേശമാണെന്നാണ് ചൈന പറയുന്നത്. എന്നാൽ ചൈനയുടെ വാദത്തെ ഫിലിപ്പൈൻസ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണയ്, തായ്്വാൻ തുടങ്ങിയ രാജ്യങ്ങൾ ശക്തമായി എതിർക്കുന്നു. ഇവർക്ക് പിന്തുണയുമായി അമേരിക്കയും രംഗത്തുണ്ട്. തെക്കൻ ചൈനാ കടലിൽ ചൈന നടത്തുന്ന നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് ഫിലിപ്പൈൻസ് നേരത്തേ അമേരിക്കയെ അറിയിച്ചിരുന്നു. തെക്കൻ ചൈനാ കടലിൽ മനുഷ്യ നിർമിതമായ ഏഴ് ദ്വീപുകൾ ചൈന നിർമിക്കുന്നുണ്ട്. ഫിലിപ്പീൻസ്, മലേഷ്യ, തെക്കൻ വിയറ്റ്നാം എന്നിവ ഉൾപ്പെടുന്ന സ്പ്രാറ്റ്ലിയിലാണ് ചൈന മനുഷ്യനിർമിത ദ്വീപസമൂഹം നിർമിക്കുന്നത്. 

ദക്ഷിണ ചൈന കടലിലെ സ്പ്രാറ്റ്ലി ദ്വീപുസമൂഹങ്ങളിൽ ചൈനയുടെ വ്യോമസേനാ താവള നിർമാണം നടന്നുവരികയാണ്. സജീവമായ കപ്പൽപ്പാതയായ ദക്ഷിണ ചൈനാ കടലിൽ വൻതോതിൽ എണ്ണനിക്ഷേപം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടി ലക്ഷ്യമിട്ടാണു ചൈന ഈ മേഖലയിൽ പിടിമുറുക്കിയിരിക്കുന്നത്. ചൈനയിൽ നിന്ന് ആയിരത്തിലേറെ കിലോമീറ്റർ അകലെയാണ് ദക്ഷിണ ചൈനാ കടൽ.

You might also like

  • Straight Forward

Most Viewed