യു.പിയിലേയ്ക്ക് മടങ്ങാൻ യോഗിയുടെ തീരുമാനം

ബംഗളൂരു : കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികൾ അവസാനിപ്പിച്ച് ആഗ്രയിലേക്ക് മടങ്ങാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനം. ഉത്തർപ്രദേശിലുണ്ടായ പൊടിക്കാറ്റിൽ 73 പേർ മരിക്കുകയും നിരവധി നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് യോഗിയുടെ അടിയന്തിര പിൻമാറ്റം. സ്വന്തം സംസ്ഥാനത്ത് ഇത്രവലിയ ദുരന്തമുണ്ടായിട്ടും യോഗി കർണാടകയിൽ തുടരുന്നതിനെ സിദ്ധരാമയ്യ വിമർശിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പിക്കു വേണ്ടി പ്രചാരണപരിപാടികളിൽ പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് കർണാടകയിലെത്തിയത്. എന്നാൽ, ഇതിനെ പരിഹാസരൂപത്തിലാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിമർശിച്ചത്. ഉത്തർപ്രദേശിൽ പൊടിക്കാറ്റിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. എന്നാൽ,എന്നോട് ക്ഷമിക്കുക. നിങ്ങളുടെ മുഖ്യമന്ത്രിയെ ഇപ്പോൾ കർണാടകയിൽ ആവശ്യമുണ്ട്. ഇവിടുത്തെ ജോലികൾ എത്രയും വേഗം തീർത്ത ശേഷം അദ്ദേഹം അവിടേക്ക് മടങ്ങിയെത്തും എന്നായിരുന്നു യോഗിയെ വിമർശിച്ചുള്ള സിദ്ധരാമയ്യുടെ ട്വീറ്റ്.
യോഗി കർണാടകയിൽ തുടരുന്നതിനെ വിമർശിച്ച് സമാജ് വാദി പാർട്ടി നോതാവ് അഖിലേഷ് യാദവും ട്വീറ്റ് ചെയ്തിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി എത്രയും വേഗം നാട്ടിലെത്തണമന്നും ജനങ്ങൾ അദ്ദേഹത്തെ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കിയത് തങ്ങൾക്ക് വേണ്ടിയാണെന്നും അല്ലാതെ ബി.ജെ.പിക്ക് വേണ്ടി കർണാടകയിൽ പ്രവർത്തിക്കാനല്ല എന്നുമായിരുന്നു അഖിലേഷിന്റെ വാക്കുകൾ. രാത്രി തന്നെ ആഗ്രയിലേക്ക് മടങ്ങുന്ന യോഗി ആദിത്യനാഥ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുമെന്ന് ഉത്തർപ്രദേശിൽ നിന്നുള്ള ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.