സ്രാവിന്‍റെ ആക്രമണത്തിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞു
സിഡ്നി : സ്രാവിന്‍റെ ആക്രമണത്തിൽ ഓസ്ട്രേലിയയിൽ മത്സ്യബന്ധന ബോട്ട് കടലിലേക്ക് മറിഞ്ഞു. കിഴക്കൻ പോർട്ട് ബേയിലാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
മത്സ്യബന്ധനത്തിനു പോയ സംഘം സ്രാവിനെ പിടിച്ച ശേഷം ബോട്ടിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സ്രാവ് മത്സ്യബന്ധന സംഘത്തിലെ ബ്രെറ്റ് പാൽമറെന്ന 34കാരന്‍റെ കാലിൽ കടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വെള്ളത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
എന്നാൽ സ്രാവ് വീണ്ടും ബോട്ടിലിടിച്ചതോടെ ബോട്ട് വെള്ളത്തിലേക്ക് മറിഞ്ഞു. ഇതേത്തുടർന്ന് പാൽമറും സംഘവും ബോട്ട് ഉപേക്ഷിച്ച് മറ്റ് ബോട്ടുകളിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

