സിറിയൻ പട്ടാളത്തിന്റെ ആക്രമണത്തിൽ 44 സിവിലിയന്മാർ കൊല്ലപ്പെട്ടു
ഡമാസ്കസ് : ഡമാസ്കസ് പ്രാന്തത്തിൽ റിബലുകളുടെ നിയന്ത്രണത്തിലുള്ള ഈേസ്റ്റൺ ഗൂട്ടാ മേഖലയിൽ പ്രസിഡണ്ട് ബഷർ അൽ അസദിന്‍റെ സൈനികർ നടത്തിയ പീരങ്കി ആക്രമണത്തിലും വ്യോമാക്രമണത്തിലുമായി 44 സിവിലിയന്മാർ കൊല്ലപ്പെട്ടു. 2012 മുതൽ റിബലുകളുടെ കൈവശമാണ് ഈ പ്രദേശമുള്ളത്. ഈേസ്റ്റൺ ഗൂട്ടായിലെ ഹമുറിയയിൽ 20 പേർ കൊല്ലപ്പെട്ടതു വ്യോമാക്രമണത്തിലാണെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. കൊല്ലപ്പെട്ടവരിൽ നാലു കുട്ടികളും ഉൾപ്പെടുന്നു.
കരയാക്രമണത്തിനു മുന്നോടിയായാണു സിറിയൻ സൈന്യം വ്യോമാക്രമണം ആരംഭിച്ചതെന്നു സിറിയൻ ഒബ്സർവേറ്ററി മേധാവി റമി അബ്ദൽ റഹ്‌മാൻ പറഞ്ഞു. ഈ മാസം ആദ്യം സിറിയൻ സേന ഈ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ 250 സിവിലിയന്മാർക്കു ജീവഹാനി നേരിടുകയും നൂറുകണക്കിനാളുകൾക്കു പരിക്കേൽക്കുകയും ചെയ്തു.
ഈേസ്റ്റൺ ഗൂട്ടായിൽനിന്നു റിബലുകൾ അയയ്ക്കുന്ന റോക്കറ്റുകൾ ഡമാസ്കസ് നഗരത്തിൽ പതിക്കുന്നത് ഭരണകൂടത്തിന് വലിയ അലോസരമുണ്ടാക്കുന്നു. ഇതു തടയാൻ കനത്ത സൈനിക നടപടിക്കു ഭരണകൂടം മുതിരുമെന്ന് ആശങ്ക പരന്നതോടെ മേഖലയിൽ നിന്നു രക്ഷപ്പെടാൻ സിവിലിയന്മാർ നെട്ടോട്ടമോടുകയാണ്. ഞായറാഴ്ച ഡമാസ്കസിൽ അരഡസനോളം റോക്കറ്റുകൾ പതിച്ചെന്നും ഒരാൾ കൊല്ലപ്പെട്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

