നെതന്യാഹുവിനെതിരെ അഴിമതി കുറ്റം ചുമത്താനൊരുങ്ങി ഇസ്രയേൽ പോലീസ്

ടെൽഅവീവ് : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തണമെന്ന് പോലീസിന്‍റെ അന്വേഷണ റിപ്പോർട്ട്. കൈക്കൂലി, വഞ്ചന എന്നീ കേസുകളിൽ നെതന്യാഹുവിനെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പോലീസ് അറ്റോർണി ജനറലിന് സമർപ്പിക്കുകയും ചെയ്തു. ഇത് സംബന്ധിച്ച നിർദ്ദേശം അറ്റോർണി ജനറലിന് നൽകിയിട്ടുണ്ട്. എന്നാൽ തെറ്റ് ചെയ്യാത്തതിനാൽ തനിക്കെതിരെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. കേസിലെ തുടർ നടപടികൾ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അറ്റോർണി ജനറലായിരിക്കും. അതേസമയം, ആരോപണങ്ങൾ നെതന്യാഹു നിഷേധിച്ചു. പ്രധാനമന്ത്രിയായി താൻ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രീതി വർദ്ധിപ്പിക്കാനായി മാധ്യമങ്ങളെ ഉപയോഗിച്ചുവെന്നും ഹോളിവുഡ് സിനിമാ നിർമാതാക്കളിൽ നിന്ന് കോഴ വാങ്ങിയെന്നുമുള്ള ആരോപണങ്ങളാണ് നെതന്യാഹുവിനെതിരെയുള്ള കേസുകൾ.
ഇസ്രയേൽ പൗരനും ഹോളിവുഡ് നിർമാതാവുമായ അർനോൻ മിൽച്ചനിൽ നിന്നും കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സിഗരറ്റ്, വിലകൂടിയ ആഭരണങ്ങൾ, ഷാംപെയിൻ തുടങ്ങിയവ കൈപ്പറ്റിയെന്നാണ് കേസ്. ഏതാണ്ട് 18 കോടിയോളം രൂപയുടെ പാരിതോഷികങ്ങളാണ് ഈ കാലയളവിൽ നെതന്യാഹു കൈപ്പറ്റിയത്. ഇതിന് പകരമായി നെതന്യാഹു, ഇസ്രയേൽ ധനവകുപ്പ് വിലക്ക് ഏർപ്പെടുത്തിയ മിൽച്ചൻ നികുതി ഇളവ് നൽകിയെന്നാണ് പോലീസ് കണ്ടെത്തിയത്.
എന്നാൽ ഇത്തരം ആരോപണങ്ങൾ നിഷേധിച്ച നെതന്യാഹു താൻ സുഹൃത്ത് ബന്ധത്തിന്റെ പേരിലാണ് പാരിതോഷികങ്ങൾ കൈപ്പറ്റിയതെന്ന് പ്രതികരിച്ചു. താൻ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അല്ലാതെ ചില മാധ്യമങ്ങളുടെ താൽപ്പര്യങ്ങൾക്ക് വേണ്ടിയല്ല. ഇത്തരം ആക്രമണങ്ങൾ കൊണ്ട് തന്റെ രാജ്യസേവനത്തെ തടയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പോലീസ് റിപ്പോർട്ട് പുറത്ത് വന്നതോടെ നെതന്യാഹു രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. നിഷേധിക്കാനാവാത്ത കുറ്റങ്ങൾ ചെയ്ത നെതന്യാഹുവിന് പ്രധാനമന്ത്രി പദത്തിൽ തുടരാൻ അവകാശമില്ലെന്ന് മുൻ ധനമന്ത്രിയും നെതന്യാഹുവിന്റെ പ്രധാന എതിരാളിയുമായ എം.കെ യൈർ ലാപിഡ് പറഞ്ഞു.