പാർക്ക് ഗ്യൂൻഹൈയുടെ സഹായിക്ക് 20 വർഷം തടവ് ശിക്ഷ

സോൾ : അഴിമതിക്കേസിൽ ഇംപീച്ച് ചെയ്യപ്പെട്ട മുൻ ദക്ഷിണകൊറിയൻ വനിതാ പ്രസിഡണ്ടായ പാർക്ക് ഗ്യൂൻഹൈയുടെ സഹായി ചോയി സൂൺസിലിന് കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. സാംസംഗ്, ലോട്ട് തുടങ്ങിയ പ്രമുഖ കന്പനികളിൽനിന്നു വൻതുക സംഭാവനയായി സൂൺസിൽ സ്വീകരിച്ചതിൽ അഴിമതിയുണ്ടെന്നു സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതി കണ്ടെത്തി.
പാർക്കുമായുള്ള ദീർഘകാല ബന്ധം മുതലെടുത്ത് വൻ ബിസിനസ് സ്ഥാപനങ്ങളിൽനിന്നു സൂൺസിൽ സ്വന്തം നിയന്ത്രണത്തിലുള്ള കന്പനികൾക്കു സംഭാവന പിരിക്കുകയായിരുന്നു. ടെലികമ്യൂണിക്കേഷൻ രംഗത്തെ ഭീമൻ കന്പനിയായ സാംസംഗ്, റിട്ടെയിൽ വ്യാപാര രംഗത്തെ പ്രമുഖരായ ലോട് എന്നിവരിൽ നിന്നായി 130 ലക്ഷം ഡോളർ സൂൺസിൽ കൈപ്പറ്റി. ഇതേ കേസിലാണ് പാർക്കിനെ ഇംപീച്ച് ചെയ്തത്. പാർക്കിനെതിരെയുള്ള കേസ് ഇപ്പോഴും തുടരുകയാണ്.
തന്നെ മനഃപൂർവം കേസിൽ കുടുക്കുകയായിരുന്നുവെന്നും വ്യക്തിപരമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്നും സൂൺസിൽ പറഞ്ഞു. സൂൺസിലിന്‍റെ കൂട്ടുപ്രതിയും ലോട്ട് ഗ്രൂപ്പ് ചെയർമാനുമായ ഷിൻദോംഗ് ബിന്നിന് രണ്ടരവർഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്.