കൊ­ച്ചി­ കപ്പൽ­ശാ­ല സ്‌ഫോ­ടനം : ആഭ്യന്തര അന്വേ­ഷണത്തിന് നി­ർദ്­ദേ­ശം


കൊച്ചി : അതീവ സുരക്ഷാസംവിധാനങ്ങളുള്ള കൊച്ചി കപ്പൽശാലയിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ആഭ്യന്തര അന്വേഷണത്തിന് നിർദ്ദേശിച്ചതായി കപ്പൽശാലാ സിഎംഡി മധു എസ് നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശുദ്ധജലം നിറയ്ക്കുന്ന ടാങ്കിൽ പൊട്ടിത്തെറിയുണ്ടാകാനുള്ള സാധ്യത സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തുമെന്നും ചൊവ്വാഴ്ച സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

തൊഴിലാളികളുടെ വേർപാടിൽ കപ്പൽശാല അനുശോചിക്കുന്നു. അപകടത്തിൽ മരിച്ച തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും കപ്പൽശാല വഹിക്കും. ഷിപ്‌യാർഡ് ഓപ്പറേഷൻസ് ഡയറക്ടർ എൻ.വി സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ കപ്പൽശാല ആഭ്യന്തര അന്വേഷണം നടത്തും. ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.  ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങും ഒഎൻജിസി എക്‌സിക്യൂട്ടീവ് ഡയറക്ടറും അന്വേഷണം നടത്തും. അറ്റകുറ്റപ്പണിക്കെത്തിയ ഒഎൻജിസിയുടെ സാഗർഭൂഷൺ കപ്പലിന്റെ എസി പ്ലാന്റിൽനിന്നാണ് വാതകചോർച്ചയുണ്ടായതെന്നാണ് സൂചന.  ഒരോ ദിവസവും എല്ലാ ഡിവിഷനുകളിലും സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാറുണ്ട്. സ്‌ഫോടനസാധ്യതയില്ലാത്തതാണ് ഫ്രഷ്‌വാട്ടർടാങ്ക്. എന്താണ് സംഭവിച്ചതെന്ന് വ്യക്തയില്ല. ടാങ്കുകളിൽ വാതകത്തിന്റെ അളവ് പരിശോധിക്കാറുണ്ടെന്നും അവ മാറ്റിക്കഴിഞ്ഞാണ് ജോലികൾ ആരംഭിക്കാറുള്ളതെന്നും മധു എസ് നായർ പറഞ്ഞു. 

അതേ സമയം അഞ്ചുപേരുടെ മരണത്തിന് ഇടയായ അപകടം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി രാജീവ് ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. 

സുരക്ഷാമാനദണ്ധങ്ങൾ പരിപാലിക്കുന്നതിൽ ഏറ്റവും മുന്നിൽനിൽക്കുന്ന ഷിപ്‌യാർഡിലെ ഇത്തരമൊരപകടം ആശങ്കയുണർത്തുന്നതാണ്. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.

You might also like

  • Straight Forward

Most Viewed