ട്രംപിന്റെ ജറുസലേം പ്രഖ്യാപനം : പ്രതിഷേധം ശക്തമാകുന്നു

ഗാസ : ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച വടക്കൻ ഗാസയിലെ ലാഹിയ മേഖലയിൽ സ്‌ഫോടനത്തിൽ രണ്ട് പാലസ്തീൻകാർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു.
ഇസ്രയേൽ സേനയ്ക്ക് നേരെ ആക്രമണം നടത്താൻ തയ്യാറെടുക്കുന്നതിനിടെ അബദ്ധത്തിൽ സ്‌ഫോടനം സംഭവിച്ച് ഹമാസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഗാസയിലും വെസ്റ്റ്ബാങ്കിലും സംഘർഷങ്ങൾ പുകയുകയാണ്. പാലസ്തീൻ യുവാക്കൾ വെസ്റ്റ് ബാങ്കിൽ നടത്തിയ പ്രകടനം അക്രമസാക്തമായി. ഇസ്രയേൽ സൈന്യത്തിന് നേരെ യുവാക്കൾ കല്ലെറിഞ്ഞു. തുടർന്ന് സൈന്യം ടിയർ ഗ്യാസ് പ്രയോഗിച്ചു.
ലബൻ, ഇറാൻ, കിഴക്കൻ ജറുസലേം, പലസ്തീൻ മേഖലകളിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭം കൂടുതൽ ശക്തമാകുമെന്നാണ് സൂചന. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. അന്ന് തുടങ്ങിയ പ്രതിഷേധങ്ങൾക്ക് അവസാനം കണ്ടെത്താൻ സമാധാന ചർച്ചയിൽ പോലും സാധിച്ചിട്ടില്ല. പാലസ്തീനികളുടെ എക്കാലത്തേയും തലസ്ഥാനമാണ് ജറുസലേം എന്നും തുല്യ അവകാശത്തിന് വേണ്ടി പോരാടും എന്ന കടുത്ത നിലപാടിലാണ് പാലസ്തീൻ പ്രസിഡണ്ട് മഹമ്മൂദ് അബ്ബാസ്. ട്രംപിന്റെ തീരുമാനം തെറ്റാണെന്ന നിലപാടിലാണ് ഭൂരിഭാഗം ലോക നേതാക്കളും.