പാലസ്തീൻ ജനത യഥാർത്ഥ്യം ഉൾക്കൊള്ളണമെന്ന് നെതന്യാഹു

പാരീസ് : അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്‍റെ ജറുസലേം പ്രഖ്യാപനത്തിനെതിരായ പ്രതിഷേധങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു രംഗത്ത്.
പാലസ്തീൻ ജനത യഥാർത്ഥ്യം ഉൾക്കൊള്ളണമെന്നും അധികം വൈകാതെ അവർക്ക് തീരുമാനം അംഗീകരിക്കേണ്ടി വരുമെന്നും നെതന്യാഹു പാരീസിൽ പ്രതികരിച്ചു. ഫ്രഞ്ച് പ്രസിഡണ്ട് എമ്മാനുവേൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ ജറുസലേമിനെ ഇസ്രലേൽ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കൻ നടപടിക്കെതിരായ പ്രതിഷേധം ലോകത്തിന്‍റെ വിവിധ ഇടങ്ങളിലേക്കും വ്യാപിക്കുകയാണ്. ബെയ്റൂട്ടിലെ അമേരിക്കൻ എംബസിയുടെ സമീപത്തേക്കു പാലസ്തീൻ പതാകകൾ വീശി നീങ്ങിയ വൻ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇന്തോനേഷ്യയിലെ ജക്കാർത്തയിലും മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിലും അമേരിക്കൻ വിരുദ്ധ പ്രകടനങ്ങൾ അരങ്ങേറി.
പാലസ്തീൻ അതോറിറ്റി അധ്യക്ഷൻ മഹ്മൂദ് അബ്ബാസിന്റെ ഫത്ത പാർട്ടി പ്രതിഷേധം തുടരാൻ പാലസ്തീൻകാരോട് ആഹ്വാനം ചെയ്തു. ഗാസ മുനന്പ് നിയന്ത്രിക്കുന്ന ഹമാസ് പുതിയ ഇത്തിഫദയ്ക്ക് (സൈനിക മുന്നേറ്റം) ആഹ്വാനം നൽകിയിട്ടുണ്ട്.