ജറൂസലേം : തീരുമാനം പിൻവലിക്കണമെന്ന് അറബ് ലീഗ്

കെയ്റോ : ജെറുസലേമിനെ ഇസ്രായേൽ തലസ്ഥാനമായി അംഗീകരിച്ച നടപടി അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ് പിൻവലിക്കണമെന്ന് അറബ് വിദേശകാര്യമന്ത്രിമാർ ആവശ്യപ്പെട്ടു. ജറുസലേമിലേക്ക് എംബസി മാറ്റാനുള്ള അമേരിക്കൻ നടപടി നിയമവിരുദ്ധവും അപകടകരവുമെന്ന് ഈജിപ്ത് തലസ്ഥാനമായ കെയ്റോയിൽ ചേർന്ന അറബ് ലീഗിന്റെ അടിയന്തിര യോഗം വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്ത 22 രാജ്യങ്ങളും അമേരിക്കൻ നിലപാടിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി.
യു.എസിന്റെ നടപടിയെ അപലപിച്ച് യു.എൻ രക്ഷാസമിതിയിൽ പ്രമേയം പാസാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനെ യു.എസ് വീറ്റോ ചെയ്യുന്നപക്ഷം യു.എൻ പൊതുസഭയിൽ അറബ് സഖ്യം പ്രമേയം അവതരിപ്പിക്കുമെന്നും പാലസതീൻ വിദേശകാര്യമന്ത്രി റിയാദ് അൽ മാലികി അറിയിച്ചു. ജറുസലേമില്ലാതെ പാലസ്തീൻ രാജ്യം പിറക്കില്ലെന്നും പാലസ്തീനില്ലാതെ സമാധാനം പുലരില്ലെന്നും അദ്ദേഹം പറഞ്ഞു.
നടപടിയിൽ നിന്ന് അമേരിക്ക പിന്മാറണമെന്നും കിഴക്കൻ ജറുസലേം പാലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നും യോഗത്തിൽ സൗദി വിദേശ കാര്യമന്ത്രി ആദിൽ അൽ ജുബൈർ അമേരിക്കയോട് ആവശ്യപ്പെട്ടു. ഇതിനായി അന്താരാഷ്ട്ര സമ്മർദ്ദം ഉയർത്തിക്കൊണ്ട് വരണമെന്നും ജുബൈർ യോഗത്തിൽ പറഞ്ഞു. അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി നിന്നാൽ തീരുമാനം പുനഃപരിശോധിപ്പിക്കാനാകുമെന്ന് ജോർദാനും നിലപാടെടുത്തു. പാലസ്തീനിലെ സായുധ ശക്തികളെ പ്രോത്സാഹിപ്പിക്കാനേ തീരുമാനം കൊണ്ടാകൂ എന്നായിരുന്നു യു.എ.ഇയുടെ നിലപാട്. പ്രശ്നത്തിൽ ഭിന്നസ്വരമില്ലെന്നും പാലസ്തീനെ അംഗീകരിച്ചേ മുന്നോട്ട് പോകാനാകൂവെന്നും അറബ് ലീഗ് വിലയിരുത്തി. വിഷയത്തിൽ അടിയന്തര അറബ് സമ്മേളനം ചേരുമെന്നാണ് റിപ്പോർട്ടുകൾ.