ഇന്ത്യ −ചൈന അതിർത്തി വിഷയത്തിൽ നിലപാട് കർശനമാക്കി ചൈനീസ് പ്രസിഡണ്ട്

ബെയ്ജിംഗ് : ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിംഗ് ഇന്ത്യ−ചൈന അതിർത്തി വിഷയത്തിൽ നിലപാട് കർശനമാക്കി. അരുണാചൽപ്രദേശിനടുത്തുള്ള ടിബറ്റൻ ഗ്രാമമായ ലുൻസെയിലെ പരന്പരാഗത കുടുംബങ്ങൾക്കാണ് ജിൻപിംഗ് നിർദേശം നൽകിയിരിക്കുന്നത്. ടിബറ്റിൽ ഹിമാലയത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ലുൻസെ.
ചൈനയുടെ സ്വന്തം പ്രദേശം സംരക്ഷിക്കുകയും അതുവഴി പ്രദേശത്തിന്റെ വികസനത്തിനും ശ്രമങ്ങളുണ്ടാകണമെന്നും പ്രസിഡണ്ട് കത്തിലൂടെ ഓർമ്മിപ്പിച്ചു. പ്രദേശത്തിന് കീഴിലുള്ള ലുൻസെയിൽ ജീവിക്കുന്ന ഇടയ കുടുംബത്തിനാണ് ജിൻപിംഗ് കത്തയിച്ചിരിക്കുന്നത്.
മേഖലയിൽ സമാധാനമുണ്ടായില്ലെങ്കിൽ അത് അവിടെ താമസിക്കുന്നവരുടെ ജീവിതത്തിനും പ്രശ്നമുണ്ടാകുമെന്ന് അദ്ദേഹം കത്തിൽ സൂചിപ്പിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അധികാര സ്ഥാനത്തേക്ക് വീണ്ടും സ്ഥാനമേറ്റതിന് പിന്നാലെയാണ് ജിൻപിംഗിന്റെ നിർദേശം. പ്രസിഡണ്ടിന് ലുൻസെയിൽ നിന്നുള്ള രണ്ട് പെൺകുട്ടികൾ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രസിഡന്റിന്റെ പരാമർശങ്ങൾ. കൂടുതൽ ഇടയരെ പ്രദേശത്തേക്ക് കൊണ്ടുവന്ന് അവിടെ വേരുറപ്പിക്കാനും അതുവഴി ലുൻസെയുടെ കാവൽക്കാരനാകാനും പ്രസിഡണ്ടിന്റെ ആഹ്വാനമുണ്ട്.