ഷെയ്ഖ് ഹസീനയ്ക്ക് നേരെ വീണ്ടും വധശ്രമമെന്ന് വെളിപ്പെടുത്തൽ

ധാക്ക : ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വധിക്കാൻ ജമാഅത്തുൽ മുജാഹിദീൻ ഭീകരർ ശ്രമം നടത്തിയിരുന്നെന്നും ഇത് ബംഗ്ലാദേശ് സുരക്ഷാ ഉദ്യോഗസ്ഥർ തകർത്തതായും വെളിപ്പെടുത്തൽ. ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയ മാതൃകയിൽ സ്വന്തം അംഗരക്ഷകരെ ഉപയോഗിച്ച് ഷെയ്ഖ് ഹസീനയെ വെടിവെച്ചുകൊല്ലാനായിരുന്നു പദ്ധതി. വിവരം വിവിധ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതായി പ്രമുഖ ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ട് ഏജൻസികളും ബംഗ്ലാദേശുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആക്രമണനീക്കം അറിയാൻ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളാണ് സഹായിച്ചെന്ന് ബംഗ്ലാദേശ് അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്പെഷൽ സെക്യൂരിറ്റി ഫോഴ്സിലെ ഏഴ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാനാണ് ഭീകരർ ശ്രമിച്ചത്. 2009ൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം ഹസീനയ്ക്കു നേരെയുണ്ടാകുന്ന 11−ാമത്തെ വധശ്രമമാണ് പരാജയപ്പെടുത്തിയത്. ബംഗ്ലദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകരസംഘടനയാണ് ജമാഅത്തുൽ മുജാഹിദീൻ.
വധശ്രമവുമായി ബന്ധപ്പെട്ട് ജമാഅത്തുൽ മുജാഹിദീൻ ഭീകരരും അംഗരക്ഷകരും തമ്മിലുള്ള സംഭാഷണം ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് ബംഗ്ലാദേശ് ഇന്റലിജൻസ് വിഭാഗം ചോർത്തിയത്. വൈകുന്നേരത്തെ പതിവു നടത്തത്തിനിറങ്ങുന്ന ഹസീനയെ ഓഫീസിൽനിന്നു പുറത്തിറങ്ങുന്പോൾ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ ഓഫിസ് പ്രദേശങ്ങളിൽ സ്‌ഫോടനങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നു.
ഹസീനയുടെ അംഗരക്ഷർ തന്നെ വധിക്കുന്ന രീതിയിയിലായിരുന്നു പദ്ധതി. എന്നാൽ, ഇതേക്കുറിച്ചു സൂചന ലഭിച്ച ബംഗ്ലാദേശ് സർക്കാരിലെ ഹസീനയുടെ വിശ്വസ്തരും ബംഗ്ലാദേശ് ഭീകരവിരുദ്ധ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് പദ്ധതി പൊളിച്ചത്.
തുടർന്ന് ഹസീനയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയും സംഭവത്തിൽ ഉൾപ്പെട്ട അംഗരക്ഷകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഗൂഢാലോചനയിൽ പങ്കെടുത്തവർ രക്ഷപ്പെടാതിരിക്കാനാണു വാർത്ത പുറത്തുവിടാൻ വൈകിയതെന്നാണ് വിശദീകരണം. പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ബംഗ്ലാദേശിലെ പ്രതിപക്ഷ നേതാക്കളിൽ ഒരാൾ ഐ.എസ്.ഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായും ഇന്റലിജൻസ് വൃത്തങ്ങൾ കണ്ടെത്തി.
പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്.എസ്.എഫിലെ മേജർ ജനറൽ തസ്തികയിലുള്ള രണ്ട് ഉദ്യോഗസ്ഥരും ഇതേ പ്രതിപക്ഷ നേതാവുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തിയതായും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.