ഉത്തര കൊറിയൻ പ്രകോപനം അതീവ പ്രകോപനപരം : യു.എൻ രക്ഷാസമിതി

ന്യൂയോർക്ക് : തുടർച്ചയായ മിസൈൽ പരീക്ഷണങ്ങളിലൂടെ ലോകരാജ്യങ്ങളെ വെല്ലുവിളിക്കുന്ന ഉത്തരകൊറിയയെ കടുത്തഭാഷയിൽ വിമർശിച്ച് ഐക്യരാഷ്‌ട്ര സംഘടനാ രക്ഷാസമിതി (യു.എൻ.എസ്.സി) രംഗത്തെത്തി. ജപ്പാനു മുകളിലൂടെ വീണ്ടും ബാലിസ്റ്റിക് മിസൈൽ തൊടുത്ത ഉത്തരകൊറിയൻ നടപടി അതീവ പ്രകോപനപരമെന്നു വിശേഷിപ്പിച്ച യു.എൻ.എസ്.സി. ഇത്തരം മര്യാദാലംഘനങ്ങൾ ആവർത്തിക്കാതിരിക്കണമെന്നും ആവശ്യപ്പെട്ടു.
ജപ്പാന്റെയും അമേരിക്കയുടെയും അഭ്യർത്ഥന പരിഗണിച്ചാണ് 15 അംഗ രക്ഷാസമിതി അടിയന്തരയോഗം ചേർന്നത്. രാജ്യാന്തര മര്യാദകൾ വെല്ലുവിളിക്കുന്ന ഏകാധിപത്യ പ്രവണത മേഖലയ്‌ക്കു മാത്രമല്ല, യു.എൻ അംഗരാജ്യങ്ങൾക്ക് മൊത്തം ഭീഷണി ഉയർത്തുന്നുണ്ടെന്നും സമിതി വിലയിരുത്തി. അയൽരാജ്യങ്ങളുടെ പരമാധികാരത്തിനു വിലകൽപ്പിക്കാതെയുള്ള ഇത്തരം നീക്കങ്ങൾ ആവർത്തിക്കുന്ന ഉത്തരകൊറിയയുടെ സമീപനത്തോടു വിയോജിക്കുന്നുവെന്നും ഭീഷണി നിഴലിലുള്ള ജപ്പാൻ ജനതയ്‌ക്ക് സകല പിന്തുണയും വാഗ്‌ദാനം ചെയ്യുന്നതായും ബ്രിട്ടീഷ് പ്രതിനിധി യോഗത്തിൽ വ്യക്തമാക്കി.