ഈജിപ്ത് മുൻ പ്രസിഡണ്ട് മുഹമ്മദ് മുർസിയുടെ ജീവപര്യന്തം കോടതി ശരിവച്ചു

കെയ്റോ : മുൻ ഈജിപ്ത് പ്രസിഡണ്ട് മുഹമ്മദ് മുർസിയുടെ 25 വർഷമുള്ള ജീവപര്യന്തം തടവ് ശിക്ഷ ഈജിപ്തിലെ പരമോന്നത കോടതി ശരിവച്ചു. അധികാരത്തിലിരിക്കെ രഹസ്യ രേഖകൾ ഖത്തറിനു വേണ്ടി ചോർത്തി ദേശീയ സുരക്ഷയ്ക്ക് ഹാനിയുണ്ടാക്കിയെന്ന കുറ്റമാണ് മുർസിക്കെതിരെയുള്ളത്. ഇതേ കേസിൽ മുർസിയുടെ അനുയായികളായ മുസ്ലിം ബ്രദർഹുഡിലെ മൂന്നു നേതാക്കളുടെ വധശിക്ഷയും കോടതി ശരിവച്ചിട്ടുണ്ട്.
2011ൽ നടന്ന അറബ് വിപ്ലവത്തെ തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മുർസിയെ 2013ൽ നിലവിലെ പ്രസിഡണ്ടും അന്നത്തെ സൈനിക തലവനുമായിരുന്ന അബ്ദുൽ ഫത്താഹ് സീസി അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു. ഉടൻ തന്നെ മുർസിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു.
സൈനിക അട്ടിമറി പരാജയപ്പെടുത്താനായി നൂറുകണക്കിനു പേരെ കൊന്ന കേസിൽ നേരത്തെ മുർസിയെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു.
2012ൽ പ്രതിപക്ഷ പ്രതിഷേധക്കാരെയും മാധ്യമ പ്രവർത്തകരെയും കൊല്ലാൻ നേതൃത്വം നൽകിയെന്ന കുറ്റത്തിന് മുർസിയുടെ 20 വർഷം തടവുശിക്ഷ കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതി ശരിവച്ചിരുന്നു. ഈജിപ്തിൽ അറബ് വസന്തകാലത്ത് ഹോസ്നി മുബാറക്കിന്‍റെ ഏകാധിപത്യ ഭരണത്തെ അട്ടിമറിച്ച് അധികാരത്തിൽ വന്ന ജനാധിപത്യ സർക്കാറിന്‍റെ ആദ്യ പ്രസിഡണ്ടായിരുന്നു മുർസി.