ഇന്ത്യയിൽ സൈബർ ആക്രമണങ്ങൾ കുറവെന്ന് മന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ സൈബറിടങ്ങളിൽ ആക്രമണങ്ങൾ വളരെയധികം കുറവാണെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവി ശങ്കർ പ്രസാദ്. ഇന്ത്യയിൽ 65 വാനക്രൈ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തന്നും എന്നാൽ യാതൊരു വിധത്തിലുള്ള സാന്പത്തികമായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്നും സൈബർ സുരക്ഷ ഉറപ്പാക്കുന്ന ഏജൻസിയായ ഇന്ത്യൻ കന്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിന്റെ റിപ്പോർട്ട് ചൂണ്ടികാട്ടി മന്ത്രി പറഞ്ഞു. ഇന്ത്യ ഡിജിറ്റൽ ശക്തിയായി വളരുകയാണ്. അതിനാൽ തന്നെ എല്ലാ ഏജൻസികളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സൈബറിടങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നുണ്ടെന്നും മന്ത്രി ലോകസഭയിൽ ചോദ്യോത്തര വേളയിൽ പറഞ്ഞു.
ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ളത് ഇന്ത്യയിൽ തന്നെയുള്ള സെർവറുകളിൽ നിന്നാണ്. അവ പൂർണ സുരക്ഷിതവുമാണ്. സൈബർ ആക്രമണങ്ങളിൽ നിന്ന് വിവരങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കാൻ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണൻ അദ്ധ്യക്ഷനായ പത്തംഗ സമതിയെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.