ഇന്ത്യയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി പാക്കിസ്ഥാൻ

ഇസ്ലാമാബാദ് : ഓരോ ആക്രമണങ്ങൾക്കും വരും തലമുറ ഓർത്തിരിക്കുന്ന തരത്തിൽ മറുപടി നൽകുമെന്ന് ഇന്ത്യയ്ക്ക് പരോക്ഷ മുന്നറിയിപ്പുമായി പാക്കിസ്ഥാൻ. അതിര്‍ത്തിയിലുണ്ടാകുന്ന പ്രകോപനങ്ങൾ നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്ന് പറഞ്ഞ പാക് വ്യോമസേന മേധാവി സൊഹൈല്‍ അമന്‍ ആണ് തന്റെ പ്രസ്താവനയിലൂടെ ഇന്ത്യയ്ക്ക് പരോക്ഷമായി മുന്നറിയിപ്പ് നൽകിയത്. പാകിസ്താന്റെ മിറാഷ് യുദ്ധവിമാനങ്ങള്‍ സിയാച്ചിന്‍ മേഖലയില്‍ പറത്തിയ സംഭവത്തിന് ശേഷമായിരുന്നു ഈ പ്രസ്താവന.
കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായ പാക് പ്രകോപനത്തിന് നൗഷേരയില്‍ ആക്രമണം നടത്തി ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ക്കുകയും, ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കരസേന പുറത്തുവിടുകയും ചെയ്തിരുന്നു.
നൗഷേരയില്‍ നടന്ന ഭീകരാക്രണത്തില്‍ മൂന്ന് ജവാന്‍മാർ വീരമൃത്യു വരിച്ചിരുന്നു. നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. മറ്റ് ഭീകരര്‍ കാടുകളില്‍ ഒളിച്ചിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. പ്രദേശത്ത് തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം അതിര്‍ത്തിയിൽ പരിശോധന നടത്തിയത്. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.