കാണാതായ വിമാനത്തിൽ മലയാളി പൈലറ്റും : തിരച്ചിൽ തുടരുന്നു

ഗുവാഹത്തി : ചൈനീസ് അതിർത്തിക്കുസമീപം കാണാതായ വ്യോമസേനയുടെ സുഖോയ്-30 വിമാനത്തിനായുള്ള തിരച്ചിൽ അസം -മേഘാലയ അതിർത്തിയിലെ കാടുകളിൽ തുടരുന്നു. ഹെലികോപ്റ്റർ ഉപയോഗിച്ചാണു തിരച്ചിൽ. കാണാതായ രണ്ടു പൈലറ്റുമാരിൽ ഒരാൾ തിരുവനന്തപുരം സ്വദേശി ഫ്ലൈറ്റ് ലഫ്‌റ്റനന്റ് അച്യുത് ദേവ് (26) ആണ്. വിമാനം കാട്ടിൽ തകർന്നു വീണിരിക്കാം എന്നാണു സൂചന.
ചൊവ്വാഴ്ച രാവിലെ 10.30നു തേസ്‌പുർ വ്യോമതാവളത്തിൽ നിന്നു പരിശീലനപ്പറക്കലിനിടെയാണ് വിമാനം കാണാതായത്. ചൈന അതിർത്തിയിൽനിന്നു 350 കിലോമീറ്റർ അകലെയുള്ള തേസ്‌പുരിൽ നിന്ന് 60 കിലോമീറ്റർ പിന്നിട്ടപ്പോൾ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.
തിരുവനന്തപുരം പോങ്ങുംമൂട്ടിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശികളായ വി.പി.സഹദേവന്റെയും ശ്രീദേവിയുടെയും മകനാണ് അച്യുത് ദേവ്. കഴിഞ്ഞ 21ന് ആയിരുന്നു അച്യുതിന്റെ പിറന്നാൾ. മേഘാലയ കാടുകളിൽ തുടരുന്ന തിരച്ചിലിനെ മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അസമിലെ നൗഗാവ് നഗരത്തിൽ സുഖോയ് വിമാനം തകർന്നുവീണിരുന്നു.