നാമിന്റെ മരണത്തിൽ കിം ജോങ് ഉന്നിന് പങ്കുള്ളതായി ആരോപണം


ക്വാലാലംപൂര്‍ : മലേഷ്യയിലെ ക്വാലാലംപൂര്‍ ഇന്റർനാഷണൽ എയപോർട്ടിൽ വെച്ച് കൊല്ലപ്പെട്ട കിം ജോങ് നാമിന്റെ മരണത്തിൽ അർദ്ധസഹോദരൻ കൂടിയായ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനു പങ്കുള്ളതായി ആരോപണം. കിം ജോങ് ഉന്നിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഉത്തര കൊറിയന്‍ ചാരസംഘടന നാമിനെ കൊലപ്പെടുത്തിയതെന്നാണ് ദക്ഷിണ കൊറിയയും അമേരിക്കയും ആരോപിക്കുന്നത്. ഉന്‍ വേട്ടയാടുമെന്ന് ഭയന്നാണ് നാം ഒളിവില്‍ പോയതെന്നും ആരോപണമുണ്ട്.

കിം ജോങ് ഉന്നിന്റെ പിതാവും ഉത്തരകൊറിയന്‍ മുന്‍ ഭരണാധികാരിയുമായ കിം ജോങ് ഇല്ലിന് സിനിമാ നടി റിമ്മുമായുണ്ടായിരുന്ന ബന്ധത്തിലുള്ള മകനാണ് കിം ജോങ് നാം. ഇല്ലിന് ശേഷം ഉത്തരകൊറിയന്‍ ഭരണാധികാരിയാകേണ്ടിയിരുന്നത് നാമായിരുന്നു. എന്നാല്‍ 2001 ല്‍ വ്യാജപാസ്‌പോര്‍ട്ടുമായി ജപ്പാനിലേക്ക് കടക്കുന്നതിനിടെ നാം പിടിക്കപ്പെട്ടു. ഇത് ഇല്ലിനും നാമിനുമിടയിലുള്ള ബന്ധം വഷളാക്കി. തുടര്‍ന്ന് ഇല്ലിന്റെ മരണത്തോടെ കിം ജോങ് ഉന്‍ ഉത്തരകൊറിയയുടെ ഭരണം ഏറ്റെടുക്കയായിരുന്നു. കിം ജോങ് ഉന്നിന്റെ ഭരണത്തിനെതിരെ നിരവധി തവണ നാം പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. കിം ജോങ് ഉന്‍ കൊലപ്പെടുത്തിയ മുതിര്‍ന്ന ഉദ്യോഗസ്ഥനും അമ്മാവനുമായ ജാങ് സോങുമായി നാം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവയെല്ലാം ചൂണ്ടിക്കാട്ടിയാണ് മരണത്തിൽ ദുരൂഹതയുള്ളതായി പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കിം ജോങ് നാം കൊല്ലപ്പെട്ടത്. രണ്ട് യുവതികള്‍ വിഷം നിറച്ച സൂചി ഉപയോഗിച്ച് നാമിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

You might also like

  • Straight Forward

Most Viewed