ലാഹോറിൽ ചാവേർ ആക്രമണത്തിൽ 16 മരണം

ലാഹോർ : പാക്കിസ്ഥാനിലെ ലാഹോറിൽ ചാവേർ ബോംബ് ആക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു. പഞ്ചാബ് പ്രവിശ്യയിൽ മെഡിക്കൽ ഷോപ്പ് ഉടമകളുടെ പ്രതിഷേധ റാലിക്കിടെയായിരുന്നു പൊട്ടിത്തെറി. സ്ഫോടനത്തിൽ നിരവധി പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെട്ടിട്ടുണ്ട്. വീണ്ടും പൊട്ടിത്തെറിയുണ്ടാകുമെന്ന ഭീതിയിൽ മാൾ റോഡ് പോലീസ് സീൽ ചെയ്തിട്ടുണ്ട്.
പ്രവിശ്യയിലെ അസംബ്ളി കെട്ടിടത്തിനു സമീപം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ നൂറുകണക്കിനു പേർ പങ്കെടുത്തിരുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നു റിപ്പോർട്ടുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ കുറേക്കാലങ്ങളായി ലാഹോർ ഭീകരർ വൻ സ്ഫോടനങ്ങൾക്കു വേദിയാക്കുന്നുണ്ട്. കഴിഞ്ഞവർഷം മാർച്ചിൽ നഗരത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 69 പേർ കൊല്ലപ്പെട്ടിരുന്നു. ഈസ്റ്റർ ആഘോഷങ്ങൾക്കിടെയായിരുന്നു പൊട്ടിത്തെറി. ഈ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.