ഷീബ വിജയൻ
ഷീബ വിജയൻ
വെസ്റ്റ്ബാങ്ക്: അധിനിവേശ ഫലസ്തീനിലെ വെസ്റ്റ്ബാങ്കിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് ഇസ്രായേൽ കുടിയേറ്റക്കാർ. ഞായറാഴ്ച വടക്കൻ വെസ്റ്റ് ബാങ്കിലെ ഖുസ്റ, കൗർ എന്നീ ഗ്രാമങ്ങളിലെ രണ്ട് പള്ളികൾക്ക് തീയിട്ടതായി അധികൃതർ അറിയിച്ചു. കൗറിന് സമീപത്തെ മറ്റൊരു പള്ളിക്ക് തീയിടാൻ ശ്രമിച്ചെങ്കിലും പ്രദേശവാസികൾ തടഞ്ഞതായി അധികൃതർ വ്യക്തമാക്കി.
വെള്ളിയാഴ്ച ആയുധധാരികളായ കുടിയേറ്റക്കാർ ഫലസ്തീനിലെ താലിൽ കടന്നുകയറിയതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഫലസ്തീനികളും രണ്ട് ഇസ്രായേലികളും ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. കത്തിനശിച്ച പള്ളികളുടെ ചുമരുകളിൽ കുടിയേറ്റക്കാർ ‘ജൂത പ്രതികാരം’ എന്ന് എഴുതിവെക്കുകയും ചെയ്തു.
വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ ദീർഘകാലമായി തുടരുന്ന കുടിയേറ്റ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവങ്ങളാണിവ. ആക്രമണങ്ങൾ വർധിച്ചതിന് കാരണം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് ഫലസ്തീനികൾ ചൂണ്ടിക്കാണിക്കുന്നു. ഇസ്രായേൽ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ നിലപാടുള്ള സർക്കാരാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റക്കാർക്ക് നൽകുന്ന സർക്കാരിന്റെ പിന്തുണ, കുടിയേറ്റ കേന്ദ്രങ്ങളുടെ തുടർച്ചയായ വികസനം, വെസ്റ്റ് ബാങ്ക് ഇസ്രായേലിനോട് കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങൾ എന്നിവയാണ് ആക്രമണങ്ങൾ വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ വെസ്റ്റ് ബാങ്കിൽ ഏകദേശം 350 കുടിയേറ്റ കേന്ദ്രങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇവിടങ്ങളിൽ ഏകദേശം 5 ലക്ഷം കുടിയേറ്റക്കാർ താമസിക്കുന്നുണ്ട്. ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്ത് സ്ഥാപിക്കുന്ന വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങൾ നിയമവിരുദ്ധമാണെന്ന് അന്താരാഷ്ട്ര സമൂഹം കണക്കാക്കുന്നു.
'ഹിന്ദു ജനസംഖ്യ കുറഞ്ഞു, മുസ്‍ലിം ജനസംഖ്യ ഉയർന്നു'; ഏകീകൃത ജനസംഖ്യ നയം നടപ്പിലാക്കണമെന്ന് ആർഎസ്എസ് വനിത വിഭാഗം
സമൽഖ: രാജ്യത്ത് ജനസംഖ്യാ അസന്തുലിതാവസ്ഥ വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി ആർഎസ്എസിന്റെ സമാന്തര വനിതാ സംഘടനയായ രാഷ്ട്ര സേവികാ സമിതി. എല്ലാ വിഭാഗങ്ങൾക്കും ബാധകമാകുന്ന രീതിയിൽ ഏകീകൃത ജനസംഖ്യാ നയവും രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡും നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സംഘടന ആവശ്യപ്പെട്ടു. ഹരിയാനയിലെ സമാൽഖയിൽ ചേർന്ന അഖില ഭാരതീയ കാര്യകാരിണിയുടെയും പ്രതിനിധി മണ്ഡലിൻ്റെയും ത്രിദിന യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.
1951-ൽ 84.68 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യാ വിഹിതം 2015 ആയപ്പോഴേക്കും 78 ശതമാനമായി കുറഞ്ഞുവെന്നും, എന്നാൽ ഇതേ കാലയളവിൽ മുസ്‍ലിം ജനസംഖ്യ 10 ശതമാനത്തിൽ താഴെയായിരുന്നത് 14 ശതമാനമായി ഉയർന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലെ ജനസംഖ്യാ നയം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് സമിതി വ്യക്തമാക്കി. ജനസംഖ്യ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും രാജ്യത്തെ കൂടുതൽ മികച്ച ഭാവിയിലേക്ക് നയിക്കാനും ഏകീകൃത സിവിൽ കോഡിന് സാധിക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു.
ജനസംഖ്യാ അസന്തുലിതാവസ്ഥ പ്രാദേശിക സംസ്‌കാരത്തെയും ആചാരങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. റോഹിംഗ്യകളുടെയും ബംഗ്ലാദേശികളുടെയും അനധികൃത കുടിയേറ്റം, മതപരിവർത്തനം, ലൗ ജിഹാദ് എന്നിവയും ഈ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്ന് സമീതി ആരോപിച്ചു. ഇത് പ്രാദേശിക പൗരന്മാരുടെ തൊഴിൽ, ഭൂമി, പ്രകൃതിവിഭവങ്ങൾ എന്നിവയെ ബാധിക്കുകയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
40 പ്രവിശ്യകളിൽ നിന്നുള്ള 488 പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന്റെ അവസാന ദിവസമാണ് പ്രമേയം പാസാക്കിയത്. സമാപന സമ്മേളനത്തിൽ പ്രമുഖ് സഞ്ചാലിക ശാന്ത കുമാരി സംസാരിച്ചു. ഉന്നത വിദ്യാഭ്യാസമുള്ള ഹിന്ദു യുവാക്കൾ സാമ്പത്തിക നേട്ടത്തിനായി സംഘടനയെ അവഗണിക്കുന്നതിനാൽ, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥയെക്കുറിച്ച് ഹിന്ദു സമൂഹം ഉണരണമെന്നും ആഹ്വാനം ചെയ്തു. വിവാഹം വൈകുന്നത്, കുട്ടികളെ വളർത്താനുള്ള മടി, കുട്ടികളില്ലാത്തത് അല്ലെങ്കിൽ ഒരു കുട്ടി മാത്രമുള്ളത് തുടങ്ങിയ ജനസംഖ്യയെ ബാധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.
sxasddsaads

