1500 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടത്തില്‍ നിന്ന് കൃത്രിമ കാല്‍ കണ്ടെത്തി

കാന്‍ബറ: 1500 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടത്തില്‍ നിന്ന് കൃത്രിമ കാല്‍ കണ്ടെത്തി. തെക്കന്‍ ഓസ്‌ട്രേലിയയിലെ ഹെമ്മാബെര്‍ഗില്‍ കണ്ടെത്തിയ അസ്ഥികൂടത്തിലാണ് കൃത്രിമ കാല് കണ്ടെത്തിയത്. 2013ല്‍ കണ്ടെത്തിയ അസ്ഥികൂടത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
മധ്യവയസ്‌കനായ ഒരാളുടെ അസ്ഥികൂടമാണ് കണ്ടെത്തിയത്. മരണത്തിന് മുമ്പ് രണ്ട് വര്‍ഷമെങ്കിലും ഇയാള്‍ കൃത്രിമ കാലില്‍ ജീവിച്ചിരുന്നതായും കണ്ടെത്തി. കൃത്രിമ കാല് ഘടിപ്പിക്കുന്ന സാങ്കേതികവിദ്യ 1500 വര്‍ഷം മുമ്പ് തന്നെ നിലവിലുണ്ടായിരുന്നു എന്നതിന്റെ തെളിവാണിതെന്നും ആറാം നൂറ്റാണ്ടില്‍ ജീവിച്ച ഏതോ ഉന്നതകുലജാതിയില്‍പ്പെട്ടയാളുടെ അസ്ഥികൂടമായിരിക്കുമെന്നും ഗവേഷകര്‍ കരുതുന്നു. ഇരുമ്പും തടിയും ഉപയോഗിച്ചാണ് ഈ കാല്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാല് നഷ്ടപ്പെട്ടതിന്റെ അടയാളമായി ഇയാളുടെ ശരീരത്തില്‍ മുറിപ്പാട് ഉണ്ടായിരുന്നതിന്റെ തെളിവ് സി.ടി സ്‌കാനിംഗിലും റേഡിയോഗ്രാഫിയിലും കണ്ടെത്തിയിട്ടുണ്ട്. പഠനത്തിന്റെ വിശദാംശങ്ങള്‍ പാലിയോപതോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവികള്‍ പറഞ്ഞു