പ്രവാസി

പ്രവാസികൾ
ആമയെ പോലെയാവണം
ഉൾവലിയാൻ
ഇത്രയും നല്ല ഒരു
ശാസ്ത്രീയ രീതി വേറെയില്ല!
നിങ്ങളുടെ ചിന്തകൾക്ക്
മൗനം കൊണ്ട്
ചിതയൊരുക്കണം
സ്വപ്നങ്ങളെ കണ്ണിരുകൊണ്ട്
നനച്ചുവളർത്തണം, കാത്തിരിക്കുന്ന
കണ്ണുകളെ അന്ധത കൊണ്ട് മൂടിവെക്കണം
ത്രസിപ്പിക്കുന്നനാഡികളെ
വാർദ്ധക്യത്തിലേക്ക് മാറ്റിവെക്കണം
നോവുകളെ തലയണക്കടിയിൽ
താരാട്ടുപാട്ടിയുറക്കണം
ഇവിടെ ഈ ഒറ്റ മുറിയിൽ
തണുത്തു മരവിച്ച മൗനങ്ങൾക്കിടയിൽ
മോഹങ്ങൾ അടക്കം ചെയ്ത
കുഴിമാടങ്ങൾ കാണാം
കൈ നീട്ടിപ്പിടിക്കുന്ന തൊക്കെയും
മരീചികയാണെന്ന്
തിരിച്ചറിയുന്പോഴേയ്ക്കും ഒരു ഒട്ടകമായ്
നമ്മൾ പരിണമിച്ചിരിക്കും ഒരു തിരിച്ച്
പോക്ക് സാധ്യമാകും മുന്പ്