ഘാതകന്റെ വിലാപം...

കവിത - നിനു ജോർജ്ജ്
അമ്മിഞ്ഞപ്പാൽ നുണയു−
മൊരുണ്ണി തൻ ചുണ്ടിലെ
ചെറു പുഞ്ചിരിയിൽ
ഉള്ളം നിറയവേ
സ്വപ്നത്തിൻ വർണ്ണങ്ങൾ
ചാലിച്ചെഴുതിയൊരേൻ ബാല്യകാലം
പിച്ചവെച്ചൊരെൻ കുഞ്ഞു പാദങ്ങൾ
ഇടറുവാൻ നേരം, താങ്ങിയോരമ്മ തൻ
കൈകളെ പുൽകുവാൻ....
മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുവാൻ
കൊതിക്കയായ്
ഉണ്ണിവയറ് കത്തുന്ന നേരത്തെന്നമ്മ
തൻ സ്നേഹം ചോറൂട്ടി നിറയ്ക്കവേ
കൊഞ്ചി കൊഞ്ചി തൻ അധരത്തിൽ
അമ്മയെന്ന നാമം ജപിക്കവേ
നിറമിഴികളാൽ ഉള്ളം കൊതിയ്ക്കും
എന്നമ്മ തൻ മാനസം ഓർമയായ്
അക്ഷരക്കൂട്ടിനെ പെറ്റൊരെൻ വിദ്യാലയം
ആദ്യമായ് ചുവടു വെച്ചതും സ്വപ്നമായ്
ഒരുപിടി മുന്നിലായ് വിദ്യയും
എൻ കൂടെ വളരവേ
അറിവിന്റെ വർണങ്ങൾ ചാലിച്ച
പ്രണയത്തിൻ മധുരവും
കനലായ് മാറവേ
അമ്മതൻ ഉള്ളിൽ കത്തുന്ന തിരിയെ
അണച്ചീടുവാൻ ഉള്ളം മന്ത്രിച്ചു
ഒഴിഞ്ഞു മാറിയാൽ തീരുന്ന പ്രശ്നങ്ങളെ
കാലം, വിധിയെന്ന വിളയാട്ടത്തിൽ
തലയ്ക്കു മീതേ വട്ടമിട്ടു പറക്കവേ
അരുതെന്ന് ചൊല്ലുമെന്നുള്ളിൽ ആരോ
അജ്ഞാത തേങ്ങലിൻ നൊന്പരം
പിന്നിട്ട വഴികളിൽ അഭ്യസിച്ച വിദ്യയും
തോറ്റു പോകുന്നൊരീ കാലാന്തര
ധർമ്മത്തിൻ പിറക്കാത്ത ചെയ്തികൾ
ക്ഷമയിനിയില്ലൊട്ടുമെ കാലത്തിൻ
ചെയ്തികൾ വിനയായ് തീർക്കുവാൻ
വിധിയ്ക്കുകിൽ സമൂഹവും
എന്തിനെൻ ഉണ്ണി വിധിക്കു നീ
അകപ്പെട്ടു ശേഷം തടവറയാം
ഇരുട്ടിന്റെ അറയ്ക്കുള്ളിൽ ജീർണിച്ച
മനസ്സുമായി ഏകനായ്
കാലം തീർക്കവേ മാലോകരാൽ
നിന്നെ മ്ലേച്ഛമായ് മാടി വിളിക്കുന്നു
ഘാതകൻ ഘാതകൻ ഘാതകൻ