പീഡിപ്പിക്കപ്പെട്ട പെൺകുട്ടി

കവിത - വിബി ശരത്ത്
ഇന്നായിരുന്നാ കരിദിനം
എന്റെ ജീവിതാന്ത്യം കുറിച്ചിട്ടാ ദിനം.
കാമാർത്തനാമാ തസ്ക്കരൻ തൻ കാലു
കൊണ്ടെന്നെച്ചവിട്ടിമെതിച്ച ദിനം.
നീറുന്ന വേദന ഉള്ളിലെ നെരിപ്പോടിൻ
ചൂടിൽ തപിച്ചു കിടന്നിടുന്നു.
എന്നെക്കാളധികമാം കായബലം കൊണ്ടു
ഒരിത്തിരി നേരം അടക്കിവാണു.
ചോദിച്ചു പോകുന്നു ഇന്നു നിന്നോടു ഞാൻ
ഓർമ്മയുണ്ടോ ആ ഇതിഹാസകാവ്യം.
പത്തു തലയുള്ളൊരുത്തന്റെ കാമം
താപസ്വീ ശാപമതേറ്റുവാങ്ങി.
അന്നൊരു നാരദ മാധ്യമമാണെങ്കിൽ
ഇന്നിതാ ബഹുവിധം ബഹുവർണ്ണങ്ങൾ.
പരുന്തിന്റെ കണ്ണുമായ് കഴുകന്റെ കൊക്കുമായ്
ആർത്തിയോടെൻ നേർക്കടുത്തിടുന്നു.
ആട്ടിയോടിച്ചു ഞാൻ ഗർജ്ജിച്ചു ഞാൻ,
പോയഴിച്ചു മാറ്റൂ ആ മുഖം മൂടികൾ.
കണ്ണുകൾ കെട്ടിയ നിയമമല്ല
എന്റെ ജീവിതത്തിൻ വില ഞാനിടുന്നു.
ഒരു ശിരച്ഛേദം നിനക്കു പോര
ഒരു പെണ്ണിന്റെ ഉൾക്കടൽ അറിഞ്ഞിടേണം.
തിരയും ചുഴികളും ഏറെയുണ്ടെങ്കിലും
പുറമേയ്ക്കവളെന്നും ശാന്തയാവും.
അറുത്തു മാറ്റട്ടെ നിൻ ദുഷിച്ച കൈകൾ
നടക്കട്ടെ നിന്നിലാ ലിംഗ ഛേദം.
കാണട്ടെ കാമാതുരൻമാരിത് കാണട്ടെ
നീയാം ജീവനെഴും ഒരു മാംസപിണ്ധം.
ജീവിക്കൂ നാളുകൾ ഇനിയുമറിയട്ടെ ലോകം
പെണ്ണിന്റെ ശക്തിയും നന്മയും വിശുദ്ധിയും.