ബൈ­... ആയി­ഷാ­...


കഥ - ബാബു കുന്നപ്പിള്ളി 

“പച്ചോനേ, എന്തൊരു മഴയാണിത്, ഇച്ചിരി നേരൊങ്കിലൊന്നു തോർന്നു കിട്ടീർന്നെങ്കി − ഈ കബരടക്കൊന്നു ബല്യ അലങ്കോലില്ലണ്ട് കയിക്കാർന്നു”. അബൂക്കന്റെ കനത്ത സ്വരം എനിക്കിപ്പഴും തിരിച്ചറിയാം. എല്ലാരും മഴയൊന്ന് തോരാൻ അക്ഷമാരായി കാത്തിരിക്കേണ്. ഇതൊന്നു അടക്കീട്ടു വേണം എല്ലാർക്കും ഓരോരുത്തരുടെ വീട്ടിലേയ്ക്ക് തിരിക്കാൻ. ഈ കാത്തിരിപ്പിലും അവരുടെ ക്ഷമയ്ക്ക് (അതോ− അക്ഷമയോ) മുന്പിൽ ഞാൻ കുന്പിടുന്നു. അവരോടൊപ്പം പടച്ചോനോട് ഞാനും പ്രാർത്ഥിക്കുന്നു “ഈ മഴയൊന്നു ശമിക്കാൻ, ശാന്തമാകാൻ”.

എല്ലാരും മനസ്സിൽ ഞാനറിയാതെ തന്നെ പടച്ചോനെ വിളിക്കുന്നുണ്ടായിരിക്കും, എന്നെ ഒന്നു കുഴിമാടത്തിലേക്കെടുക്കാൻ, ‘എന്റെ കുഴിമാടം’ മറ്റാരും അവകാശവാദമുന്നയിക്കാനില്ലാത്ത ‘എൻ്റെ കുഴിമാടം?’. ആയിഷാടെ തേങ്ങലൊന്നും ഇപ്പ കേക്കണില്ലല്ലാ, ഓക്കും മതിയായിക്കാണും −അല്ലേൽ എവിടെ പോകുന്പോളും ഒന്ന് തിരിച്ച് വിളിച്ചിരുന്നതാ. ഉറ്റ കൂട്ടുകാരൻ സുബേറിന്റെ വീട്ടുകൂടലിന് പോകാൻ കുളിച്ച് വന്നപ്പോളും ഓളാ പതിവ് തെറ്റിച്ചില്ല−ങ്ങക്ക് ഇപ്പത്തന്നെ പോണോ? രണ്ടീസം കയ്ഞ്ഞു പോയാലും പോരെ? പിറ്റേന്ന് ഉച്ചയ്ക്ക് സലാമിന്റെടുത്ത് ബാക്കി കിട്ടാനുളള കാശു വാങ്ങാൻ ഇറങ്ങിയപ്പോളും ഓളാ പതിവ് തെറ്റിച്ചില്ല. പിന്നെ കൂട്ടുകാരെ ഫോൺ ചെയ്യാൻ നേരം എപ്പളും കേക്കണ പല്ലവി “ഇപ്പ ഇദെന്തിന ഓനെ വിളിക്കണേ, നാളെ വിളിച്ചാലും പോരെ? ഓളുടെ ‘കമന്റ്’. അങ്ങനെ എല്ലാത്തിനും ഓളുടെ ഒരു പിന്നാക്കം വിളിണ്ടാർന്നു. അതോ പിന്നാക്കം വലിയാ? ആ പിന്നാക്കം വലീലും ഒരു സുഖോണ്ടാർന്നു, പച്ചേങ്കില്, അന്നെ കബരിലൊട്ടെടുത്തപ്പം ഓള് ഒരക്ഷരം മുണ്ടണെണ്ടാർന്നില്ല, ദിപ്പം തിരിച്ചു വിളിക്കൂന്ന് കരുതീങ്കിലും, “ഇക്ക നിങ്ങ ഇപ്പ അങ്ങട്ട് പൂകണ്ടാന്ന്” പച്ചേങ്കില് അത് മാത്രണ്ടായില്ല. അബൂക്കാന്റെ ശബ്ദം പിന്നേം കനക്കണെണ്ടല്ലാ “മഴ തോരണ മട്ടാ ബേഗം കൂട്യ അടുത്ത മഴയ്ക്ക്മുന്പ് ഇതങ്ങട്ടു കയിക്കാർന്നു” അതങ്ങട്ടു കേക്കണ്ട താമസം എല്ലാരും വീണ്ടും ഒത്തു കൂടി, മയ്യത്ത് ഏറ്റി പള്ളീലേയ്ക്ക്. “അള്ളാഹു അക്ബർ അള്ളാഹു അക്ബർ അള്ളാഹു അക്ബർ

ഇനി നിമിഷങ്ങൾ ബാക്കി, കുഴിമാടം മൂടും മുന്പ് എനിക്കൊരാശേണ്ടർന്നു, ആയിഷാ നിന്റെ ആ പിന്നാക്കം വിളി ഒന്ന് കേക്കാൻ. അയിഷാ, പത്തു നാപ്പത് കൊല്ലം ഒന്നിച്ച് ഉണ്ടും ഉറങ്ങീം കഴിഞ്ഞതല്ലേ? നിന്റെ ആ പിന്നാക്കം വിളി ഒരുപാട് കൊതിച്ച് അയിഷാ കയ്യൊന്ന് പൊക്കി നിന്നോടു ബൈ... പറയണോന്നുണ്ടാരുന്നു... ഒക്കണില്ലാ ആയിഷാ, എന്റെ ശരീരോം മനസ്സും മയ്യത്തായാആയിഷാ...

 

You might also like

  • Straight Forward

Most Viewed