‘ഗംഗുഭായ് കത്ത്യവാടി’ റിലീസ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ‘ഗംഗുഭായ് കത്ത്യവാടി’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 30ന് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. കാമാത്തിപുരയിലെ അധോലോക റാണി ഗംഗുബായിയുടെ കഥയാണ് സിനിമയാകുന്നത്.
ചിത്രത്തിനും സംവിധായകനും ആലിയക്കുമെതിരെ ഗംഗുബായിയുടെ വളർത്തുമകന്‍ കേസ് നൽകിയിരുന്നു. ചിത്രത്തിന്റെ ചില ഭാഗങ്ങൾ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റുമാണെന്നും ആയിരുന്നു ആരോപണം. ചിത്രത്തിന് തിരക്കഥ ഒരുക്കിയ ഹുസൈന്‍ സൈദി, ജാനെ ബോർജ്സ് എന്നിവർക്കെതിയും പരാതി നൽകിയിരുന്നു.
ഹുസൈൻ സൈദിയുടെ ‘ദി മാഫിയ ക്യൂൻസ് ഓഫ് മുംബൈ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ബൻസാലി സിനിമ ഒരുക്കുന്നത്. ഈ പുസ്തകത്തിൽ നിന്നും ആ ഭാഗം മാറ്റണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചതിയിലകപ്പെട്ട് കാമാത്തിപുരയിൽ എത്തുകയും ലൈംഗികത്തൊഴിലിൽ ഏർപ്പെടുകയും തുടർന്ന് 1960കളിൽ കാമാത്തിപുരയെ അടക്കി ഭരിക്കുകയും ചെയ്ത സ്ത്രീയാണ് ഗംഗുബായ്.
ചതിയിൽപ്പെട്ട് കാമത്തിപുരയിലെ പെൺകുട്ടികൾക്ക് ഗംഗുബായ് സംരക്ഷണം നൽകിയിരുന്നു. കാമാത്തിപുരയിലെ ലൈംഗികത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി പ്രവർത്തിച്ചിരുന്നു. സിനിമ സെപ്റ്റംബറിൽ റിലീസ് ചെയ്യാനായിരുന്നു പ്ലാനെങ്കിലും കോവിഡ് പ്രതിസന്ധികൾക്കിടെ മുടങ്ങുകയായിരുന്നു.