വിജയശാന്തി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് തിരിച്ചുപോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍


ഹൈദരാബാദ്: തെലുങ്കാനയില്‍ നിന്നുള്ള മുന്‍ എം.പിയും തെലുങ്ക് സിനിമാതാരവുമായ എം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍.

ഒരു മുതിര്‍ന്ന കോൺഗ്രസ് നേതാവാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ദുബ്ബാക് നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ അവര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെലുങ്കാന ഭരിക്കുന്ന തെലുങ്കാന രാഷ്ട്ര സമിതി കോണ്‍ഗ്രസ്സിനെ ക്ഷയിപ്പിച്ചു. അത് മറ്റൊരു ദേശീയ പാര്‍ട്ടിയായ ബിജെപിയുടെ വളര്‍ച്ചയിലേക്കാണ് നയിച്ചത്. അത് തെലുങ്കാനയില്‍ ടിആര്‍എസിന് വെല്ലുവിളി ഉയര്‍ത്തുമെന്ന് കഴിഞ്ഞ ദിവസം വിജയശാന്തി ട്വീറ്റ് ചെയ്തിരുന്നു.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് കോണ്‍ഗ്രസ്സിന്‍റെ താരമായിരുന്നു വിജയശാന്തി. പിന്നെ തെലങ്കാന കോണ്‍ഗ്രസ് പ്രചാരണ സമിതി അദ്ധ്യക്ഷയായി. പക്ഷേ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നതില്‍ കുറച്ചു കാലമായി അവര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഢിയുമായി കഴിഞ്ഞ ആഴ്ച അവര്‍ കൂടിക്കാഴ്ച നടത്തി എന്നതും പാര്‍ട്ടിയിലേക്ക് തിരിച്ചുപോകുന്നതിന്‍റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
ബിജെപിയിലൂടെയായിരുന്നു വിജയശാന്തിയുടെ രാഷ്ട്രീയപ്രവേശം. 1998ല്‍ മഹിള മോര്‍ച്ച സെക്രട്ടറിയായി. തെലുങ്കാന സംസ്ഥാന പ്രക്ഷോഭങ്ങള്‍ ആരംഭിച്ചപ്പോള്‍ അവര്‍ ബിജെപി വിട്ടു. തെലുങ്കാനയെന്ന പേരില്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചെങ്കിലും അത് പിന്നീട് ടിആര്‍എസിന്‍റെ ഭാഗമാക്കുകയായിരുന്നു. പിന്നീട് ടിആര്‍എസ് അവഗണിക്കുന്നുവെന്ന് കാട്ടി 2014 ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed