പന്ന്യൻ രവീന്ദ്രനും സി.കെ ജാനുവും ഒന്നിക്കുന്നു

രാജൻ കുടുവൻ സംവിധാനം ചെയ്യുന്ന ‘പസീന’ എന്ന ചിത്രത്തിലൂടെ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രനും ആദിവാസി നേതാവ് സി.കെ ജാനുവും ഒന്നിക്കുന്നു. ഭാര്യാഭർത്താക്കാന്മാരായാണ് ഇരുവരും അഭിനയിക്കുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ടാണ് ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുന്നതെന്ന് പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. ഒരു രാഷ്ട്രീയ ചിത്രമല്ല സമകാലിക പ്രസക്തിയുള്ള ചിത്രമാണ് പസീന ഒരുക്കുന്നതെന്നും സിനിമക്കായി താൻ മുടി വെട്ടില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പന്ന്യൻ രവീന്ദ്രൻ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് പസീന.
‘ദൈവത്തിന്റെ വാൾ’, ‘ആശംസകളോടെ അന്ന’ എന്നീ ചിത്രങ്ങളിലും രണ്ട് ഡോക്യുമെന്ററികളിലും അഭിനയിച്ചിട്ടുണ്ട്. രാജേഷ് ഹെബ്ബാർ, ഷോബി തിലകൻ, കുളപ്പുള്ളി ലീല, ഉണ്ണിരാജൻ ചെറുവത്തൂർ, മട്ടന്നൂർ ശിവദാസ് എന്നിവരും 10 ട്രാൻസ്ജെൻഡർമാരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിറക്കൽ മൂവീസ് നിർമ്മിക്കുന്ന ചിത്രം നവംബർ 17 മുതൽ കാസർഗോഡ്, പയ്യന്നൂർ എന്നിവിടങ്ങളിൽ ചിത്രീകരണം ആരംഭിക്കും.