ഷെയ്ന്‍ നിഗത്തിനെതിരായ വധഭീഷണി: മറുപടിയുമായി ജോബി ജോര്‍ജ്
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഗുഡ് വില്‍ എന്‍റര്‍ടെയ്മെന്‍റ് ഉടമ ജോബി നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ നിര്‍മ്മാതാവില്‍ നിന്നും വധഭീഷണി നേരിടുന്ന കാര്യം വ്യക്തമാക്കിയത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയിലൂടെ യുവനടന്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ താര സംഘടന അമ്മയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഷെയ്ന്‍.
ഇതിനിടയിലാണ് നിര്‍മ്മാതാവ് സംഭവത്തില്‍ വിശദീകരണവുമായി വരുന്നത്. ഷെയ്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നത്. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്‍റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്ന്‍ നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറയുന്നു.
അതേ സമയം നിര്‍മ്മാതാവ് ജോബി ജോര്‍ജില്‍ നിന്നും താന്‍ വധ ഭീഷണി നേരിടുന്നുണ്ടെന്നാണ് ഷെയ്ന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ജോബി ജോര്‍ജിന്റെ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രമായ വെയിലില്‍ ഷെയ്ന്‍ ആണ് നായകന്‍. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമായിട്ടാണ് നിശ്ചയിച്ചത്. എന്നാല്‍ 16 ദിവസത്തിനകം തന്നെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇതോടെ അടുത്ത ചിത്രമായ കുര്‍ബാനിയുടെ ലൊക്കേഷനിലേക്കായി ഷെയ്ന്‍ പോയി. ഷെയ്‌ന്റേത് മുടി നീട്ടി വളര്‍ത്തിയ ഗെറ്റപ്പായിരുന്നു.
എന്നാല്‍ കുര്‍ബാനിയിലെ ഗെറ്റപ്പിനായി പിന്‍വശത്തു നിന്നും മുടി അല്‍പ്പം വെട്ടി. ഇതോടെ താന്‍ വെയിലിന്റെ ഷൂട്ടിങ് മുടക്കാനായി മുടി വെട്ടുകയായിരുന്നുവെന്ന് ആരോപിച്ച് തനിക്കെതിരെ ജോബി വധ ഭീഷണി മുഴക്കുകയാണെന്ന് ഷെയ്ന്‍ പറഞ്ഞതായി ഒരു ഓൺലൈൻ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

