ജാൻവി കപൂർ തമിഴിലേക്ക്?
ചെന്നൈ: ധട്ക്കിലൂടെ ബോളിവുഡിൽ അരങ്ങേറിയ ജാൻവി തമിഴകത്ത് അരങ്ങേറ്റം കുറിക്കുന്നതായി സൂചന. അച്ഛൻ ബോണി കപൂർ നിർമ്മിക്കുന്ന ‘തല 60’ യിലൂടെ ആണ് ജാൻവി തമിഴിൽ എത്തുമെന്നാണ് വാർത്തകൾ. അജിത് നായകനായ തല 60 എച്ച്. വിനോദാണ് സംവിധാനം ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകണം ഇതുവരെ ഉണ്ടായിട്ടില്ല.
സ്പോർട്സിനും റേസിംഗിനും ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് തല 60 ഒരുങ്ങുന്നത്. സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിക്കുന്നത് വിദേശ രാജ്യങ്ങളിലാണ്. ആഗസ്റ്റ് ആദ്യ വാരത്തോടെ തല 60 യുടെ ഷൂട്ടിംഗ് പൂജ നടക്കും. സപ്റ്റംബർ ആദ്യവാരം മുതൽ ചിത്രീകരണം തുടങ്ങും. സിനിമയിലെ മറ്റു താര നിര സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തു വിടും.
നേരത്തെ ശ്രീദേവിയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഇംഗ്ലീഷ് വിംഗീഷിൽ അജിത് അതിഥി താരമായി എത്തിയിരുന്നു. ബോണി കപൂറിന്റെ തന്നെ നിർമാണ സംരംഭമായ ‘നേർ കൊണ്ട പറവൈ’ ആണ് അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. ഹിന്ദി സിനിമ പിങ്കിന്റെ റീമേക്ക് ആയ ‘നേർകൊണ്ട പറവൈ’ ആഗസ്റ്റ് 8ന് തീയേറ്ററുകളിൽ എത്തും.

