ട്രെയ്‌ലർ റിലീസിൽ റെക്കോർഡിടാൻ ഒരുങ്ങി ‘പൊറിഞ്ചു മറിയം ജോസ്’
കൊച്ചി: ട്രെയ്‌ലർ റിലീസിൽ റെക്കോർഡിടാൻ ഒരുങ്ങി ജോഷിയുടെ പുതിയ ചിത്രം 'പൊറിഞ്ചു മറിയം ജോസ്'. കൊച്ചി ലുലു മാളിൽ നാളെ വൈകിട്ട് ഏഴിന് സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയിൽ മോഹൻലാലാണ് ട്രെയ്‌ലർ ലോഞ്ച് നിർവ്വഹിക്കുന്നത്. അതേസമയം തന്നെ 34 താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലും ട്രെയ്‌ലർ വീഡിയോ എത്തും.
മമ്മൂട്ടി, ഫഹദ്, ജയറാം, ദിലീഷ് പോത്തൻ, വിനായകൻ, മുരളി ഗോപി, സുരാജ് വെഞ്ഞാറമ്മൂട്, വിനീത് ശ്രീനിവാസൻ, ഇന്ദ്രജിത്ത്, ദിലീപ്, ബിജു മേനോൻ, ജയസൂര്യ, ഷെയ്ൻ നിഗം, ആസിഫ് അലി, കാളിദാസ് ജയറാം, ദുൽഖർ സൽമാൻ, നിവിൻ പോളി, ഐശ്വര്യ ലക്ഷ്മി, മിയ, നിമിഷ സജയൻ, അജു വർഗീസ്, അനു സിത്താര, കുഞ്ചാക്കോ ബോബൻ, ടൊവീനോ തോമസ്, ആന്റണി വർഗീസ്, ഹണി റോസ്, അനൂപ് മേനോൻ, പൃഥ്വിരാജ്, അപർണ ബാലമുരളി, ആത്മീയ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, വിനയ് ഫോർട്ട്, വിജയ് സേതുപതി എന്നിവരുടെ ഫേസ്ബുക്ക് പേജുകളിലാണ് ട്രെയ്‌ലർ ഒരേസമയം എത്തുക.
നാല് വർഷത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണ് പൊറിഞ്ചു മറിയം ജോസ്. പൊറിഞ്ചുവായി ജോജു ജോർജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെന്പൻ വിനോദ് ജോസുമാണ് എത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജിമോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ. ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. സംഗീതം ജേക്സ് ബിജോയ്. എഡിറ്റിംഗ് ശ്യാം ശശിധരൻ.

