'മിഷൻ മംഗൾ' വനിതാ ശാസ്‍ത്രജ്ഞർക്കുള്ള ആദരവെന്ന് അക്ഷയ് കുമാർ
ന്യൂഡൽഹി: ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന സിനിമ മിഷൻ മംഗൾ വനിതാ ശാസ്‍ത്രജ്ഞർക്കുള്ള ആദരവ് കൂടിയാണ് ചിത്രമെന്ന് അക്ഷയ് കുമാർ. ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിട്ടാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. ഐ.എസ്.ആർ.ഒയുടെ മാർസ് ഓർബിറ്റർ മിഷന്റെ കഥ പ്രചോദനം നൽകുന്നതാണെന്ന് അക്ഷയ് കുമാർ പറയുന്നു. യഥാർത്‍ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ മികച്ച തിരക്കഥയാണ് ഇത്. ചൊവ്വയിലേക്ക് നാസ ഉപഗ്രഹം അയച്ചപ്പോൾ ചിലവായത് 6000 കോടി രൂപയോളമാണ്. ഐ.എസ്.ആർ.ഒയ്‍ക്ക് ചിലവായത് 450 കോടി രൂപമാണ്. വളരെ കുറച്ച് ആൾക്കാർക്ക് മാത്രമേ ഇത് അറിയൂ. എത്ര പണമാണ് നമ്മൾ ലാഭിച്ചത്. ഇങ്ങനത്തെ ഒരു കഥ ഇതുവരെ വന്നില്ല എന്നുപറഞ്ഞാൽ വിശ്വസിക്കാനാകുമോ. ഇക്കാര്യം പറയണമെന്നുള്ളതുകൊണ്ടാണ് ഞാൻ സിനിമ ഏറ്റെടുത്തത്− അക്ഷയ് കുമാർ പറയുന്നു. പ്രൊജക്റ്റിൽ ഭാഗവാക്കായ വനിതാ ശാസ്‍ത്രജ്ഞർക്കും എഞ്ചിനീയർമാർക്കുമുള്ള ആദരവു കൂടിയാണ് ചിത്രം. ഐഎസ്ആർഒയിലെ പതിനേഴോളം ശാസ്‍ത്രജ്ഞരും എഞ്ചിനീയർമാരുമാണ് പ്രൊജക്റ്റ് കൈകാര്യം ചെയ്‍തത്. വനിതാ ശാസ്‍ത്രജ്ഞരുടെ യഥാർത്ഥ ജീവിത കഥ കേൾക്കുന്പോൾ അത്ഭുതപ്പെടും. അവരെ കുറിച്ചുകൂടിയാണ് സിനിമയിൽ പറയാൻ ശ്രമിക്കുന്നത്. വിദ്യാ ബാലൻ, സോനാക്ഷി സിൻഹ, തപ്‍സി, കിർതി, നിത്യാ മേനോൻ എന്നിവരുമായാണ് സിനിമ ചേർന്നുനിൽക്കുന്നത്. ഇത് അവരുടെ സിനിമയാണ്− അക്ഷയ് കുമാർ പറയുന്നു.
. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ചിത്രം ആഗസ്റ്റ് 15നായിരിക്കും റിലീസ് ചെയ്യുക.

