ഭാര്യയെ വെട്ടിനുറുക്കി കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചു; തമിഴ് സംവിധായകൻ അറസ്റ്റിൽ

ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി വിവിധയിടങ്ങളിലെ കുപ്പത്തൊട്ടികളിൽ ഉപേക്ഷിച്ച സംഭവത്തിൽ തമിഴ് സംവിധായകൻ എസ്.ആർ ബാലകൃഷ്ണൻ അറസ്റ്റിൽ. സന്ധ്യ (35) എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. 2015−ൽ പുറത്തിറങ്ങിയ കാതൽ ഇളവസം എന്ന ചിത്രത്തിന്റെ സംവിധായകനും നിർമാതാവുമാണ് ബാലകൃഷ്ണന്. സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്നു സന്ധ്യ. ജനുവരി 21−ന് പള്ളിക്കരണിയിൽ മാലിന്യ ശേഖരണ കേന്ദ്രത്തിൽനിന്ന് രണ്ട് കാലുകളും ഒരു കൈയ്യും കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറത്തറിയുന്നത്. തലയടക്കമുള്ള ഭാഗങ്ങൾ ഇനിയും കണ്ടെത്താനുണ്ട്. ജനുവരി 19−ന് രാത്രിയിലാണ് കൊലപാതകം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തർക്കം പരിഹരിക്കുന്നതിനുവേണ്ടി പൊങ്കൽ അവധിക്കാലത്താണ് സന്ധ്യ ജാഫർഖാൻപേട്ടിലുള്ള വീട്ടിലെത്തിയത്. എന്നാൽ, സന്ധ്യയെ കൊലപ്പെടുത്തിയ ബാലകൃഷ്ണൻ തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി കോടന്പാക്കം, എം.ജി.ആർ നഗർ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളിൽ ഉപേക്ഷിക്കുകയായിരുന്നു. കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികളാണ് പള്ളിക്കരണിയിൽ മാലിന്യം ശേഖരിക്കുന്നിടത്തുനിന്ന് വലതുകൈയും രണ്ട് കാലുകളും കണ്ടെടുത്തത്. ഇത് 30−നും 40−നും ഇടയിൽപ്രായമുള്ള സ്ത്രീയുടേതാണെന്ന് അനുമാനിച്ച പള്ളിക്കരണി പോലീസ് സംസ്ഥാനത്തെ എല്ലാ പോലീസ് േസ്റ്റഷനിലും വിവരം നൽകി. മകളെ കാണാനില്ലെന്ന് സന്ധ്യയുടെ അമ്മ തൂത്തുക്കുടി പോലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്ന അടയാളമാണ് കേസ് അന്വേഷണത്തിലെ തുന്പായത്.
കൈയ്യിൽ ശിവപാർവ്വതിരൂപം പച്ചകുത്തിയതായിരുന്നു അടയാളം. ചോദ്യം ചെയ്യലിൽ ബാലകൃഷ്ണൻ പരസ്പര വിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് പോലീസിന്റെ സംശയം ബലപ്പെട്ടത്. കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സന്ധ്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നും ഇതാണ് തങ്ങൾക്കിടയിലെ വഴക്കിന് കാരണമെന്നും ഇയാൾ മൊഴിനൽകി. ബാലകൃഷ്ണനിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ അഡയാർ നദീതീരത്തുനിന്ന് സന്ധ്യയുടെ ഇടുപ്പുമുതൽ കാൽമുട്ട് വരെയുള്ള ഭാഗവും കണ്ടെടുത്തു. തല അടക്കമുള്ള ബാക്കി ഭാഗങ്ങൾഇനിയും കണ്ടെടുത്തിട്ടില്ല. തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വർഷം മുന്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. അക്കാലത്ത് സഹസംവിധായകനായിരുന്നു ബാലകൃഷ്ണൻ സന്ധ്യ ജൂനിയർ ആർട്ടിസ്റ്റും. സിനിമാസെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇവർക്ക് പ്ലസ്ടു വിദ്യാർത്ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മകളുമുണ്ട്. ബാലകൃഷ്ണന്റെ തൂത്തുക്കുടിയിലുള്ള അച്ഛനമ്മമാർക്കൊപ്പമാണ് കുട്ടികൾതാമസിക്കുന്നത്.