പോലീസുകാരനെ കൊണ്ട് പിഴ അടപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

മുംബൈ: ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്ര ചെയ്ത പോലീസുകാരനെ ചോദ്യം ചെയ്ത യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് മുംബൈ പോലീസ്. സർക്കാർ ജിവനക്കാരുടെ കൃത്യവിലോപത്തിന് തടസ്സം നിന്നുവെന്ന് കാണിച്ചാണ് പവാൻ സയ്യദ്നി എന്ന യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.ശനിയാഴ്ചയായിരുന്നു സംഭവം. ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പന്ത്രിനാഥ് രാമു എന്ന കോൺസ്റ്റബിളിനെയാണ് പവാൻ ചോദ്യം ചെയ്ത് പിഴ അടപ്പിച്ചത്.
ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്ന കോൺസ്റ്റബിൾ രാമുവിൻ്റെ ബൈക്ക് നിർത്തുകയും ചാവി ഊരിയെടുക്കുകയും ചെയ്തു. തുടർന്ന് ഹെൽമറ്റ് എവിടെയാണെന്ന് പവാൻ പോലീസുകാരനോട് ചോദിച്ചു. എന്നാൽ സംഗതി വഷളായെന്ന് മനസ്സിലാക്കിയ രാമു സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് പവാൻ 1,000 രൂപ പിഴ നൽകാൻ രാമുവിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇത് രാജ്യത്തിന്റെ നിയമാണെന്നും നിയമം എല്ലാവർക്കും ബാധകമാണെന്നും അത് പാലിക്കണമെന്നും പവാൻ പോലീസുകാരൻ താക്കീതും നൽകി. ശേഷം ഹെൽമറ്റ് ധരിച്ചതിന് ശേഷമാണ് രാമുവിനെ വിടാൻ പവാൻ തയ്യാറായത്. പിന്നീട് പവാനെതിരെ രാമു കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസുകാരനെ ചോദ്യം ചെയ്യുന്ന സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.