അഞ്ചാമങ്കത്തിനൊരുങ്ങി സേതുരാമയ്യർ

കൊച്ചി: പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ലാത്ത മമ്മൂട്ടി കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. എസ് .എൻ സ്വാമിയുടെ രചനയിൽ പിറവിയെടുത്ത കഥാപാത്രം ആദ്യമായി സ്‌ക്രീനിലെത്തിയത് 1988ലായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. കെ. മധു സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും പിന്നീട് മൂന്നു വട്ടം കൂടി പ്രേക്ഷകർക്കു മുന്നിലെത്തുകയും ചെയ്തു. പതിമൂന്നു വർഷങ്ങൾക്കിപ്പുറം ചിത്രത്തിന്റെ അഞ്ചാം ഭാഗം ഈ വർഷം തന്നെ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എസ്.എൻ സ്വാമി. മൂവി സ്ട്രീറ്റ് അവാർഡ്സിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ മൂന്നു വർഷം സമയം എടുത്തു തയ്യാറാക്കിയ തിരക്കഥ ആണിത് എന്നും ഈ ചിത്രം മലയാളത്തിലെ ഭാവി ത്രില്ലർ ചിത്രങ്ങളെ ഡിഫൈൻ ചെയ്യുന്ന സിനിമ ആയിരിക്കും എന്നും എസ്.എൻ സാമി പറഞ്ഞു.
അവസാനം 2005 ലായിരുന്നു ചിത്രത്തിന്റെ നാലാം ഭാഗമായ നേരറിയാൻ സി.ബി.ഐ പുറത്തിറങ്ങിയത്. അതിനു ശേഷം വീണ്ടും ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പുതുവത്സരദിനത്തിൽ സി.ബി.ഐ സീരീസിന് അഞ്ചാം പതിപ്പ് ഒരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണെന്ന് സംവിധായകൻ അറിയിച്ചിരുന്നു.