ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഉയർന്നു

റഷ്യ− യുക്രെയ്ൻ സംഘർഷം രൂക്ഷമായതോടെ എണ്ണ വിലയിൽ വൻ കുതിപ്പ്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ബ്രെന്‍റ് ഇനം ക്രൂഡിന്‍റെ വില ഇന്നലെ ബാരലിന് 99.38 ഡോളറായി ഉയർന്നു. 2014നുശേഷമുണ്ടാകുന്ന ഏറ്റവും ഉയർന്ന വിലയാണിത്. യുഎസ് വെസ്റ്റ് ടെക്സസ് ഇന്‍റർമീഡിയറ്റ് ക്രൂഡിന്‍റെ വിലയും ബാരലിന് 96 ഡോളറായി. ഇതും 2014നുശേഷമുള്ള റിക്കാർഡ് വിലയാണ്. ഈ മാസം ഇതുവരെ 10 ശതമാനം വർദ്ധനയാണ് ക്രൂഡ് വിലയിലുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ കയറ്റുമതി രാജ്യമായ റഷ്യയുടെ സൈനികനീക്കങ്ങൾ ഇനിയും വില ഉയർത്തുമെന്ന ആശങ്കയിലാണുലോക രാഷ്ട്രങ്ങൾ.
എണ്ണ ഉത്പാദനം കൂട്ടണമെന്ന ആവശ്യം എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് തുടർച്ചയായി നിരസിക്കുന്നതും ആശങ്കകൂട്ടുന്നു. റഷ്യ−യുക്രെയ്ൻ സംഘർഷവും ഉയരുന്ന ക്രൂഡ് വിലയും ഇന്ത്യയുടെ സാന്പത്തിക സ്ഥിരതയ്ക്കു വലിയ വെല്ലുവിളിയുയർത്തുന്നുണ്ടെന്നു കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. “റഷ്യയുമായുള്ള വ്യാപാരം ഇതുവരെ തടസപ്പെട്ടിട്ടില്ല. കയറ്റുമതിക്കാർക്കു നഷ്ടമുണ്ടാകാതിരിക്കാൻ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഉടൻ നയതന്ത്രപരിഹാരം കാണണം’’ −നിർമല പറഞ്ഞു. റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള ക്രൂഡ് ഇറക്കുമതി താരതമ്യേന കുറവാണെങ്കിലും രാസവളം, ആണവ പദാർഥങ്ങൾ, സ്റ്റീൽ തുടങ്ങിയവ കൂടുതലായി എത്തുന്നുണ്ട്. പ്രശ്നം സങ്കീർണമായാൽ ഇത്തരം ഉത്പന്നങ്ങളുടെ വരവ് നിലയ്ക്കാൻ ഇടയുണ്ട്.