ഓഹരി വിൽ‍പ്പനയിലെ ക്രമക്കേട്: മുകേഷ് അംബാനിക്കെതിരെ കോടികളുടെ പിഴ


മുംബൈ: ഓഹരി വിൽ‍പനയിൽ‍ ക്രമക്കേട് കാണിച്ചതിന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിക്കെതിരെ പിഴ ചുമത്തി. വാണിജ്യ വ്യാപാര നിയന്ത്രണ ബോർ‍ഡായ സെബിയാണ് മുകേഷ് അംബാനിക്കും മറ്റു രണ്ടു പേർ‍ക്കുമെതിരെ പിഴ ചുമത്തിയത്. 70 കോടി രൂപയാണ് കേസിൽ‍ പിഴ ചുമത്തിയിരിക്കുന്നത്.

2007ൽ‍ രജിസ്റ്റർ‍ ചെയ്ത കേസിലാണ് ഇപ്പോൾ‍ നടപടിയുണ്ടായിരിക്കുന്നത്. റിലയന്‍സ് പെട്രോളിയത്തിന്റെ ഓഹരികൾ‍ വിൽ‍പന നടത്തിയതിലാണ് സെബി ക്രമക്കേട് കണ്ടെത്തിയത്. 2007ൽ‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും റിലയൻസ് പെട്രാേളിയവുമായി വ്യാപാരം നടത്തുകയും കൊള്ളലാഭം നേടുകയും ചെയ്തുവെന്നാണ് സെബിയുടെ 95 പേജുള്ള ഉത്തരവിൽ‍ പറയുന്നത്.

മൂന്ന് പാർ‍ട്ടികളെയാണ് സംഭവത്തിൽ‍ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്. റിലയൻസ് പെട്രോളിയം 25 കോടിയും കന്പനിയുടെ ചെയർ‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 15 കോടിയും നവി മുംബൈ എസ്.ഇ.ഇസഡ് 20 കോടിയും മുംബൈ എസ്.ഇ.ഇസഡ് 10 കോടിയും പിഴയടക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. 45 ദിവസത്തിനുള്ളിൽ‍ പിഴയടക്കണം. ഓഹരി വിൽ‍പ്പനയിലെ ക്രമക്കേടും കബളിപ്പിക്കലും നിക്ഷേപകർ‍ക്ക് മാർ‍ക്കറ്റിലെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നും ഉത്തരവിൽ‍ സെബി കുറ്റപ്പെടുത്തി. ചെയർ‍മാനും മാനേജിങ് ഡയറക്ടുമായ മുകേഷ് അംബാനിയാണ് റിലയൻസ് ഇൻഡസ്ട്രീസ് നടത്തിയ ക്രമക്കേടുകൾ‍ക്ക് ഉത്തരവാദിയെന്നും ഉത്തരവിൽ‍ പറയുന്നു.

കർ‍ഷക പ്രതിഷേധത്തിൽ‍ ജിയോ ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയർ‍ന്നതിന് പിന്നാലെ പരുങ്ങലിലായ റിലയൻസിന് സെബിയുടെ നടപടി ആഘാതം സൃഷ്ടിച്ചിട്ടുണ്ടെന്നാണ് റിപ്പോർ‍ട്ടുകൾ‍. പുതിയ കാർ‍ഷിക നിയമം കോർ‍പ്പറേറ്റുകളായ അംബാനിയെയും അദാനിയെയും സഹായിക്കാനുള്ളതാണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുയർ‍ന്നിരുന്നു. ഇതേ തുടർ‍ന്നാണ് ജിയോക്കെതിരെ കടുത്ത നിലപാടുമായി പ്രതിഷേധക്കാർ‍ രംഗത്തു വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ‍ ജിയോ സിമ്മുകൾ‍ കത്തിച്ചും ടവറുകൾ‍ തകർ‍ത്തും വരെ പ്രതിഷേധങ്ങൾ‍ നടന്നിരുന്നു. ബോയ്‌ക്കോട്ട് ജിയോ ക്യാംപെയ്‌നും സമൂഹ മാധ്യമങ്ങളിൽ‍ വ്യാപകമായി. നിരവധി പേർ‍ സിമ്മുകൾ‍ ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ പോർ‍ട്ടിംഗ് സംവിധാനം നിർ‍ത്തിവെച്ചും വിവിധ സൗജന്യ പാക്കേജുകൾ‍ തിരികെ കൊണ്ടുവന്നുമാണ് ജിയോ പ്രതികരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed