ബഹ്റൈൻ പ്രവാസിയായ ജയചന്ദ്രന്റെ രണ്ടു പുതിയ പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെടും

നോവലിസ്റ്റും കഥാകൃത്തുമായ ജയചന്ദ്രന്റെ രണ്ടു പുതിയ പുസ്തകങ്ങൾ ഇത്തവണ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യപ്പെടും. കഴിഞ്ഞ കുറേ വർഷങ്ങളിലായി മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട പത്തു കഥകളുടെ സമാഹാരമായ “ചരിത്രപഥത്തിലെ രണ്ടു കള്ളന്മാർ”, മൂന്നു നോവലെറ്റുകളുടെ സമാഹാരമായ “ജീവപര്യന്തം” എന്നീ രണ്ടു പുസ്തകങ്ങളാണ് നവമ്പർ 11ന് ഷാർജ അന്താരാഷ്ട്ര പുസ്തക നഗരിയിൽ പ്രകാശനം ചെയ്യപ്പെടുന്നത്. പുസ്തകങ്ങളുടെ കവർ പ്രകാശനം പ്രശസ്ത എഴുത്തുകാരായ എസ്സ്. ഹരീഷും ബന്യാമിനും മുന്നെ എഫ് ബി യിലൂടെ നിർവഹിച്ചിരുന്നു.
കഥാസമാഹാരം ഗ്രീൻ ബുക്സും നോവലെറ്റുകൾ കൈരളി ബുക്സും ആണ് പ്രസിദ്ധീകരിക്കുന്നത്. “അസഹ്യമായ സന്ധികളുടെ ഹ്രസ്വമെങ്കിലുമായ ഇടവേളകളെ ആഹ്ലാദമായറിയുന്ന കഥാപാത്രങ്ങൾ ജയചന്ദ്രന്റെ കഥകളെ പ്രത്യാശയുടെ വാസ്തുശില്പമാക്കിത്തീർക്കുന്നു” എന്നാണ് ‘ചരിത്രപഥത്തിലെ രണ്ടു കള്ളന്മാരുടെ അവതാരികയിൽ എഴുത്തുകാരനും പത്രാധിപരുമായ പി.കെ.സുരേഷ്കുമാർ ജയചന്ദ്രന്റെ കഥകളെ വിലയിരുത്തുന്നത്. സമീപകാലത്ത് മലയാളത്തിലുണ്ടായ കതിർക്കനമുള്ള രചനകളാണിവ’ എന്നാണ് പ്രശസ്ത എഴുത്തുകാരൻ പി.സുരേന്ദ്രൻ അവതാരികയിൽ ജയചന്ദ്രന്റെ ‘ജീവപര്യന്തത്തിലെ നോവലെറ്റുകളെ കുറിച്ച് അഭിപ്രായപ്പെടുന്നത്.ബഹ്റൈൻ പ്രവാസിയായ ജയചന്ദ്രന്റെ ആദ്യ നോവൽ ‘മെയ്ൻ കാംഫ് മാധ്യമം വാരികയിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് അത് ഡി.സി.ബുക്ക്സ് പുസ്തകമാക്കിയിരുന്നു.
fhfh