'നടുവൊടിഞ്ഞു നിൽക്കുമ്പോൾ വൈദ്യുതി നിരക്ക് വർധിപ്പിച്ചു'; സംസ്ഥാനത്ത് വികസനം മരവിച്ചെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി മൂലം വികസനം മരവിച്ച അവസ്ഥയാണുളളതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിനെ ബ്രാൻഡ് ചെയ്യുന്നതിൽ കുഴപ്പമില്ല. പക്ഷെ അത് മാത്രം മതിയോ, സാധാരണക്കാർ അസംതൃപ്തരാകുമ്പോൾ എങ്ങനെയാണ് ബ്രാൻഡ് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. നടുവൊടിഞ്ഞു നിൽക്കുമ്പോൾ സർക്കാർ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുകയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
സർക്കാർ നേട്ടങ്ങൾ കൊണ്ട് ഇറങ്ങുമ്പോൾ കോട്ടങ്ങൾ ആണ് കൂടുതലുളളത്. ലീഗ് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും. നവകേരള സദസിന് ബദലായി യുഡിഎഫ് വിചാരണ സദസ് നടത്തും. മുൻ നിര നേതാക്കൾ തന്നെ പങ്കെടുത്താണ് വിചാരണ സദസ് സംഘടിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി വേറിട്ട ഒന്നാണ്. അത് സിസ്റ്റമാറ്റിക്ക് ആയി സംഘടിപ്പിച്ച ഒന്നാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രത്തിൽ നിന്ന് ഫണ്ട് നേടി എടുക്കുന്നതിൽ സംസ്ഥാന സർക്കാരും പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ അടുത്ത് പ്രശ്നങ്ങൾ ഉണ്ട്. സിൽവർ ലൈൻ വേണ്ടാത്തത് ആണെന്ന് ജനങ്ങൾ ആദ്യമേ പറഞ്ഞത് ആണ്. മുഖ്യമന്ത്രിയും അവസാനം അത് പറഞ്ഞതാണ്. ബില്ലുകൾ ഗവർണർ ഒപ്പിടണം. ഒപ്പിടുന്നതിൽ കാലതാമസം വരുത്തരുത് എന്ന് സുപ്രീം കോടതിയും പറഞ്ഞിട്ടുണ്ട്. ഗവർണർ ബിജെപിയുടെ ബാക്‌ഡോർ എൻട്രിയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
asdadsdsaadsadsds