നവംബർ 24 മുതൽ മെഷീൻ റീഡബിൾ പാസ്പോർട്ടുകൾ മാത്രം

മനാമ: കൈകൊണ്ടെഴുതിയ പാസ്പോർട്ടുകൾ ഉൾപ്പെടെയുള്ള ‘നോൺ മെഷീൻ റീഡബ്ൾ പാസ്പോർട്ടുകൾ ഈ മാസം 24ന് ശേഷം സ്വീകരിക്കില്ലെന്ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) വ്യക്തമാക്കിയതായി ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. ഇത്തരം പാസ്പോർട്ടുകളുമായി യാത്ര ചെയ്യുന്നവർക്ക് മറ്റൊരു രാജ്യത്തേയ്ക്കുള്ള പ്രവേശനം അനുവദിക്കാൻ ഇടയില്ല.
ഇപ്പോഴും പലരുടെയും പാസ്പോർട്ടുകളിൽ പേരും വിലാസവും മറ്റു വിശദ വിവരങ്ങളും പേന കൊണ്ട് എഴുതിയതും ഫോട്ടോകൾ ഒട്ടിച്ചവയുമാണുള്ളത്. പാസ്പോർട്ട് പുതുക്കുന്നതിനനുസരിച്ചു അവ മാറ്റിയിട്ടുണ്ടെങ്കിലും 1990കളുടെ മധ്യത്തിൽ അനുവദിച്ച 20 വർഷത്തെ കാലാവധിയുള്ള പാസ്പോർട്ട് കൈവശമുള്ളവരുടെത് ഇപ്പോഴും പഴയ രീതിയിലാണുള്ളത്. വിമാനത്താവളത്തിലെ എമിഗ്രേഷൻ ക്ലിയറിംഗ് സെക്ഷനിനിലെ മിഷീനുകളിൽ ഇത്തരം പാസ്പോർട്ടുകൾ റീഡ് ചെയ്യില്ല എന്ന കാരണത്തിനാലാണ് യാത്രക്കാർ അവരുടെ പാസ്പോർട്ടുകൾ മെഷീൻ റീഡബ്ൾ പാസ്പോർട്ടുകളാക്കി മാറ്റാൻ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ നിർദ്ദേശം നൽകിയത്.
പാസ്പോർട്ട് മാറ്റുന്നത് സംബന്ധിച്ച് ഒരു വർഷം മുന്പ് തന്നെ എംബസികൾ മുഖേന മുന്നറിയിപ്പ് നൽകിയിരുന്നു. നോൺ മെഷീൻ റീഡബ്ൾ പാസ്പോർട്ടുകൾ കൈവശമുള്ളവർ എത്രയും പെട്ടെന്ന് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പുതിയ പാസ്പോർട്ടുകളാക്കി മാറ്റണമെന്നും യാത്ര ചെയ്യുന്പോഴുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.