ശ്രീലങ്കൻ സ്വദേശിക്ക് ഗൾഫ് കിറ്റും, സാന്പത്തിക സഹായവും നൽകി ഹോപ്പ് ബഹ്‌റൈൻ
മനാമ: ആറ് വർഷത്തെ യാത്രാനിരോധനം ഒഴിവായി, കഴിഞ്ഞ ദിവസം നാട്ടിലേയ്ക്ക് മടങ്ങിയ ശ്രീലങ്കൻ സ്വദേശിക്ക് ഹോപ്പ് ബഹ്‌റൈൻ സഹായം നൽകി. ശരീരത്തെ തൊലി അടർന്നുപോകുന്ന അസുഖവും, ഡിസ്‌കിന് പ്രശ്‌നങ്ങളും മൂലം, മാസങ്ങളോളം സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു ഇദ്ദേഹം. മുന്പ് കുടുംബവുമൊത്ത് ബഹ്‌റൈനിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിനെതിരെ താമസസ്ഥലത്തിന്റെ ഉടമസ്ഥൻ കൊടുത്ത കേസും, ഒരു മൊബൈൽ കന്പനി കൊടുത്ത കേസുമൊക്കെയായി ആറ് വർഷമായി നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇദ്ദേഹത്തിന്റെ പ്രായാധിക്യവും, രോഗാവസ്ഥയും മനസിലാക്കിയ ഹോപ്പ് പ്രവർത്തകർ ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും സമാഹരിച്ച ഒരുലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരത്തി മുപ്പത് ശ്രീലങ്കൻ രൂപ (LKR 113,930.00)യാണ് അക്കൗണ്ടിലേയ്ക്ക് അയച്ചു നൽകിയത്. കൂടാതെ ഇദ്ദേഹത്തിന്റെ വസ്ത്രങ്ങളും, കുടുംബാംഗങ്ങൾക്കുള്ള മറ്റ് സമ്മാനങ്ങളും അടങ്ങിയ ഗൾഫ് കിറ്റും ഹോപ്പ് ഭാരവാഹി സാബു ചിറമ്മൽ നൽകി.
